ലോകത്തിൽ ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യാക്കാരുള്ള രാജ്യം സൗദി അറേബ്യ

single-img
9 February 2020

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യാക്കാരുള്ള രാജ്യം സൗദി അറേബ്യയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലെ ചോദ്യത്തിനുത്തരമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പക്ഷെ ഇക്കാര്യത്തിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ സൗദിയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്നാണ് കണക്കുകൾ പറയുന്നത്.

ഇന്ത്യയ്ക്ക് വെളിയിൽ ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണെങ്കിലും മൂന്നു വർഷത്തിനിടെ ഏഴു ലക്ഷത്തോളം പേരുടെ കുറവാണുണ്ടായത്.

ഇന്ത്യൻ പൗരന്മാർ ലോകത്തിലെ 203 രാജ്യങ്ങളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അവയിൽ സൗദി അറേബ്യയിൽ 25,94,947 പേരാണുള്ളതെന്നുമാണ് വി മുരളീധരൻ ലോക്സഭയെ അറിയിച്ചത്. എണ്ണം യഥാക്രമം:

കുവൈറ്റ് 10,29,861, ഒമാൻ 7,79,351, ഖത്തർ 7,56,062, നേപ്പാൾ 6,00,000, ബഹ്റൈൻ 3,23,292, സിംഗപ്പൂർ 3,50,000, മലേഷ്യ 2,24,882 എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ കണക്ക്. ഇറ്റലിയിൽ 1,72,301 ഉം ജർമനിയിൽ 1,08,965 ഉം കാനഡയിൽ 1,78,410 പേരും ജോലി ചെയ്യുന്നു.

അതേപോലെ ഹോളി സീ, സാൻ മറിനോ, കിരിബാത്തി, ടുവാലു, പാക്കിസ്ഥാൻ എന്നീ അഞ്ച് രാജ്യങ്ങളിൽ ഒരൊറ്റ ഇന്ത്യക്കാരനുമില്ല. മധ്യ അമേരിക്കൻ രാജ്യമായ നികരാഗ്വേയിൽ ഒരു ഇന്ത്യക്കാരൻ മാത്രമേയുള്ളൂ. കുക്ക് അയലൻഡ്, ലിച്ചെൻസ്റ്റൈൻ എന്നിവിടങ്ങളിൽ അഞ്ചു ഇന്ത്യക്കാരും ക്രൊയേഷ്യയിൽ 10 ഇന്ത്യക്കാരുമാണുളളത്.

2017 മാർച്ചുമാസം വരെ 30,39,000 ഇന്ത്യക്കാരായിരുന്നു സൗദിയിലുണ്ടായിരുന്നത്. പിന്നീട് സെപ്റ്റംബറിൽ അത് 32,53,901 ആയി ഉയർന്നു. തുടർന്നുള്ള ഓരോ വർഷവും ഇന്ത്യക്കാരുടെ എണ്ണത്തിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തിയത്.