ഡല്‍ഹിയിലെ പോളിംഗ് കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്ത്?; തെരഞ്ഞെടുപ്പ് കമ്മീഷനോട് കെജ്‌രിവാള്‍

single-img
9 February 2020

ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ജനങ്ങൾ പോള്‍ ചെയ്ത കണക്കുകള്‍ വെളിപ്പെടുത്താത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഞെട്ടിക്കുന്നതെന്ന് ആംആദ്മി നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍. തെരഞ്ഞെടുപ്പ് അവസാനിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്തു കൊണ്ടാണ് പോളിംഗ് കണക്കുകള്‍ കമ്മീഷൻ പുറത്തുവിടാത്തതെന്ന് കെജ്‌രിവാള്‍ തന്റെ ട്വിറ്ററിലൂടെ ചോദിച്ചു.

‘കമ്മീഷൻ നടപടി ഞെട്ടിക്കുന്നതാണ്. എന്താണിവിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിംഗ് കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്?,’ കെജ്‌രിവാള്‍ ട്വീറ്റ് എഴുതി.

സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ഞായറാഴ്ച വൈകുന്നേരത്തിനുള്ളില്‍ ഔദ്യോഗിക കണക്ക് ജനങ്ങള്‍ക്കുമുന്നില്‍ പുറത്തുവിടണമെന്ന ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറിന്റെ ട്വീറ്റ് ടാഗ് ചെയ്തുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്.സാധാരണയായി പോളിംഗ് കഴിഞ്ഞ് വൈകുന്നേരം തന്നെ ഔദ്യോഗിക കണക്ക് കമ്മീഷൻ പുറത്തുവിടാറുണ്ട്.