പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു; മധ്യവയസ്കനെ മൂന്നംഗ മദ്യപ സംഘം ക്രൂരമായി മർദ്ദിച്ചു

single-img
8 February 2020

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു എന്ന കാരണത്താല്‍ നാല്പത്തി രണ്ടുകാരനെ മൂന്നംഗ മദ്യപ സംഘം ക്രൂരമായി മർദ്ദിച്ചു. സംഗത്തിന്റെ ആക്രമണത്തില്‍ തലയ്ക്കും കഴുത്തിനും കൈയ്ക്കും സാരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സർജാപൂരിൽ താമസിക്കുന്ന മദൻ ആണ് ആക്രമണത്തിന് ഇരയായത്. സർജാപൂർ റോഡിലെ ദൊഡ്ഡകണ്ണെലിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. അന്നേ ദിവസം രാത്രി 9.30 ന് കമ്മ്യൂണിറ്റി ഹാളിനു മുമ്പിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം എതിർവശത്തെ റോഡരികിൽ മൂത്രമൊഴിച്ചുകൊണ്ടിരുന്ന മദനെ കണ്ടതോടെ ഇയാളുമായി വാക്കേറ്റത്തിലാവുകയും മദ്യക്കുപ്പികൊണ്ട് തലക്കടിക്കുകയുമായിരുന്നു.

ആക്രമണത്തില്‍ സാരമായി പരിക്ക്പറ്റി രക്തത്തിൽ കുളിച്ചു കിടന്ന മദനെ വീട്ടുകാരെത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. രാത്രിയില്‍ ഓഫീസിൽ നിന്ന് വരികയായിരുന്ന താൻ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ മൂവരും ചോദ്യം ചെയ്യുകയും വാക്കേറ്റത്തിനൊടുവിൽ മദ്യക്കുപ്പികൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്ന് മദൻ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശ്രീനിവാസ്, നരസിംഹ മൂർത്തി, ബാബു എന്നിവരാണ് തന്നെ ആക്രമിച്ചതെന്നും ഇവര്‍ ഈ പ്രദേശവാസികളാണെന്നും മദൻ പറഞ്ഞു.