“ഞാന്‍ എന്തു ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കാൻ നിങ്ങളാരാണ് ?”; ഡൽഹിയിൽ വോട്ട് ചെയ്തതിനെ ചോദ്യം ചെയ്തയാൾക്ക് മറുപടിയുമായി തപ്‌സി

single-img
8 February 2020

ഇന്ന് നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയത് ചോദ്യം ചെയ്തയാൾക്ക് ശക്തമായ മറുപടിയുമായി ബോളിവുഡ് താരം തപ്‌സി പന്നു. താൻ എന്തു ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കാൻ നിങ്ങളാരാണെന്ന് തപ്‌സി ചോദിച്ചു.

സോഷ്യൽമീഡിയയിലൂടെയാണ് തപ്‌സി പന്നു ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനെ ഒരാൾ ചോദ്യം ചെയ്തത്. മഹാരാഷ്ട്രയിലെ മുംബൈയിൽ താമസിക്കുന്ന നടി എന്തിനാണ് ഡൽഹിയിൽ താമസിക്കുന്നവർക്കായി തീരുമാനമെടുക്കുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. മാത്രമല്ല തപ്‌സിയുടെ വോട്ടവകാശം മുംബൈയിലേക്ക് മാറ്റണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.

ഇതിനായിരുന്നു നടിയുടെ ശക്തമായ മറുപടി. “മുംബൈയില്‍ താന്‍ ഉള്ളതിനേക്കാള്‍ കൂടുതൽ ഡൽഹിയിലാണ് താമസിക്കുന്നത്. ഡൽഹിയിലൂടെയാണ് ഞാൻ നികുതി അടയ്ക്കുന്നത്. ഡല്‍ഹിയില്‍ സ്ഥിരമായി താമസിക്കുകയും എന്നാൽ സംസ്ഥാനത്തിനുവേണ്ടി യാതൊരു സംഭാവന നൽകുകയും ചെയ്യാത്തയാളേക്കാൾ കൂടുതൽ ഡൽഹി സ്വദേശിയായിട്ടുള്ളയാളാണ് ഞാൻ.

അതുകൊണ്ടുതന്നെ എന്റെ പൗരത്വം ചോദ്യം ചെയ്യരുത്, നിങ്ങളെക്കുറിച്ചും നിങ്ങളുടെ സംഭാവനകളെക്കുറിച്ചും ആശങ്കപ്പെട്ടോളൂ. നിങ്ങൾക്ക് ഒരുപക്ഷെ ഒരു പെൺകുട്ടിയെ ഡൽഹിക്കു പുറത്തുകൊണ്ടുപോകാനാകും എന്നാല്‍ ഈ പെൺകുട്ടിയിൽ നിന്നും ഡൽഹിയെ പുറത്തുകൊണ്ടുപോകാനാകില്ല. ഞാൻ എന്തു ചെയ്യണം ചെയ്യണ്ട എന്നു പറയാൻ നിങ്ങൾ എന്റെ ആരുമല്ല. എന്റെ ഈ പ്രതികരണം മതി ഞാൻ എത്രത്തോളം ഡൽഹി സ്വദേശിയാണെന്ന് നിങ്ങൾക്കു ബോധ്യമാകാനെന്ന് ഞാൻ കരുതുന്നു”-തപ്‌സി എഴുതി.