ഇതല്ല ഇതിനപ്പുറവും ചാടി കടക്കും; വൈറലായി ആനക്കുഞ്ഞിന്‍റെ ആദ്യ ചുവടുകള്‍

single-img
8 February 2020

ആദ്യം നിൽക്കാൻ ശ്രമിക്കും,വീഴും,പിന്നെ നിൽക്കും.നടന്നു തുടങ്ങുമ്പോൾ വീണ്ടും അടി തെറ്റി വീഴും. ജനിച്ച് അല്‍പസമയം മാത്രമായ ആനക്കുഞ്ഞ് ചുവടുകള്‍വക്കാന്‍ ശ്രമിക്കുന്നതും അടി തെറ്റി തുമ്പിക്കൈ ഇടിച്ച് വീഴുകയും പിന്നെ എണീറ്റ് നടക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസറായ സുശാന്ത് നന്ദ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ആയിരക്കണക്കിന് മൈലുകള്‍ നീളുന്ന യാത്ര ആരംഭിക്കുന്ന ആദ്യ ചുവടുകള്‍ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടിയാനകള്‍ ജനിച്ച് ഒരുമണിക്കൂറില്‍ നിൽക്കാനും കുറച്ച് മണിക്കൂറുകള്‍ കഴിയുന്നതോടെ നടക്കാനും ആരംഭിക്കുമെന്നും കുറിപ്പില്‍ പറയുന്നു.99 ശതമാനം ആനക്കുഞ്ഞുങ്ങളും പിറക്കുന്നത് രാത്രിയിലാണ്. പിറക്കുന്ന സമയത്ത് മൂന്ന് അടി വലുപ്പമാണ് കാണുകയെന്നും സുശാന്ത് നന്ദ പറയുന്നു. അടിതെറ്റി വീഴുമ്പോള്‍ ഇഴയാന്‍ ശ്രമിക്കാതെ കാലുകളില്‍ ബലം നല്‍കി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ആനക്കുഞ്ഞിന്‍റെ ചെറുവീഡിയോ മൃഗസ്നേഹികളുടെ മനസ് കീഴടക്കുന്നതാണ്.