‘മാര്‍ച്ചിനുള്ളില്‍ എന്‍പിആര്‍ പിന്‍വലിച്ചേക്കണം ‘ ; മോദിയോട് കണ്ണന്‍ ഗോപിനാഥന്‍

single-img
8 February 2020

ഡൽഹി: മാര്‍ച്ചിനുള്ളില്‍ എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന ശാസനവുമായി കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലൂടെയാണ് മോദിക്കെതിരെ കണ്ണൻ ഗോപിനാഥ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ മാര്‍ച്ചിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ദില്ലിയിലേക്ക് വരുമെന്നാണ് കണ്ണന്‍ ഗോപിനാഥന്‍ തന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ഓഗസ്റ്റിൽ സിവിൽ സർവീസ് പദവി രാജി വച്ചിരുന്നു.

”പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ എൻ.‌പി‌.ആർ വിജ്ഞാപനം പിൻ‌വലിക്കാൻ നിങ്ങൾക്ക് മാർച്ച് വരെ സമയമുണ്ട്. അത് കഴിഞ്ഞാല്‍, ഞങ്ങൾ ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും. എന്‍.പി.ആര്‍ പിൻ‌വലിക്കുന്നതുവരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും. ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങൾക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല,” കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.

‘എൻ‌.ആർ.‌സിയുടെ ആദ്യപടിയാണ് എൻ‌.പി.ആർ എന്നാണ് നിങ്ങളുടെ സർക്കാർ പറയുന്നത്. എൻ‌.ആർ‌.സിയുടെ നടപടിക്രമങ്ങളെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും നിങ്ങൾ പറയുന്നു. ഇതില്‍ പൊരുത്തക്കേടില്ലേ? നിങ്ങൾ ഇതുവരെ എൻ‌.ആർ‌.സിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് എൻ.‌പി‌.ആർ ഇപ്പോൾ നടപ്പിലാക്കുന്നത്? അതുകൊണ്ട് തന്നെ എൻ‌.ആർ‌.സിയിൽ വ്യക്തത ഉണ്ടാകുന്നതുവരെ എൻ‌.പി‌.ആർ നിർത്തിവെക്കണം.” – കണ്ണന്‍ പറഞ്ഞു.