വധുവിന്‍റെ സാരിക്ക് നിലവാരമില്ല; വരന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി

single-img
8 February 2020

വിവാഹ വേദിയിൽ ധരിച്ച വധുവിന്‍റെ സാരിക്ക് നിലവാരം കുറവാണെന്ന് ആരോപിച്ച് വരന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി. കര്‍ണാടകയിലെ ഹസനിലായിരുന്നു വിചിത്രമായ കാരണത്താൽ രഘുകുമാര്‍ എന്ന യുവാവും സംഗീത എന്ന യുവതിയും തമ്മിൽ നടക്കാനിരുന്ന വിവാഹം മുടങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.

പ്രണയ വിവരം വീട്ടിലറിഞ്ഞപ്പോള്‍ തുടക്കത്തിൽ എതിര്‍പ്പുണ്ടായെങ്കിലും മക്കള്‍ പിന്മാറില്ലെന്ന് മനസിലായതോടെ ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹ ദിവസം ചടങ്ങുകൾക്ക് തുടക്കമായപ്പോൾ മകന്റെ വധുവായി എത്തുന്ന സംഗീത ധരിച്ചിരിക്കുന്നത് നിലവാരമില്ലാത്ത സാരിയാണെന്നും അത് മാറ്റണമെന്നും വരന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാന്‍ യുവതി തയ്യാറായില്ല.

തുടർന്ന് ഇരു കുടുംബവും തമ്മിലുണ്ടായ തര്‍ക്കം മൂത്തതോടെ വരനോട് മാതാപിതാക്കള്‍ ഓടിരക്ഷപെടാന്‍ ആവശ്യപ്പെടുകയും വരന്‍ അത് അനുസരിക്കുകയുമായിരുന്നു. നിലവിൽ സംഭവത്തില്‍ വരനും കുടുംബത്തിനുമെതിരെ വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. വരാനായ രഘു ഒളിവിലാണെന്നും, പരാതിയിൽ അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.