ബംഗ്ലാദേശികളെന്ന് ആരോപിച്ച് കുടിലുകള്‍ ഇടിച്ചു നിരത്തി; പ്രതിഷേധം പുകയുന്നു

single-img
8 February 2020

ബെലന്തൂർ: കർണ്ണാടകയിലെ ബെലന്തൂര്‍, വര്‍ത്തൂര്‍ മേഖലകളിലാണ് ബെംഗളൂരു മഹാനഗരസഭയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശികളെന്ന് ആരോപിച്ച് നൂറോളം കുടിലുകള്‍ ഇടിച്ചു നിരത്തിയത്. പൗരത്വ നിയമഭേദഗതിക്ക് പിന്നാലെയാണ് ഒഴിപ്പിക്കൽ നടപടികളെന്നതാണ് ശ്രദ്ധേയം. ബംഗ്ലാദേശ് കുടിയേറ്റക്കാരുണ്ടെന്നുപറ‍ഞ്ഞാണ് നടപടിയെന്ന് ബാധിക്കപ്പെട്ടവർ ആരോപിച്ചു.ആസാം, ത്രിപുര, മണിപ്പൂര്‍ സ്വദേശികളാണ് കുടിയിറക്കലിന് ഇരയായവരിലേറെയും.

എന്നാൽ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കയ്യേറി കുടില്‍ നിര്‍മിച്ചതിനാലാണ് ഒഴിപ്പിക്കൽ നടപടിയെന്നായിരുന്നു ബിബിഎംപിയുടെ ആദ്യ വിശദീകരണം.തിരിച്ചറിയൽ രേഖകള്‍ കാണിച്ചിട്ടും അവ പരിശോധിക്കാന്‍ പോലും തയ്യാറാകാതെയുള്ള ഇടിച്ചുനിരത്തല്‍ നടപടിക്കെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ആദ്യം നടപടിയെ ന്യായീകരിച്ച ഉദ്യാഗസ്ഥര്‍ പിന്നീട് നിലപാട് മാറ്റി. പിന്നാലെ നടപടിക്ക് നേതൃത്വം നല്‍കിയ ഉദ്യാഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടും കൃത്യമായ വിശദീകരണം നല്‍കാതെയും ബിബിഎംപി തടിതപ്പി.

നിലവില്‍ കുടില്‍കെട്ടി താമസിക്കുന്നവരോടും ഒഴിഞ്ഞുപോകാനാണ് നിര്‍ദേശം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് പകരം, വടക്കേ ഇന്ത്യയില്‍ നിന്ന് ജോലിതേടിയെത്തിവരെ മുഴുവന്‍ ഒഴിപ്പിക്കുന്ന രീതിയിലാണ് അധികൃതരുടെ നിലപാട്.