രാജ്യതലസ്ഥാനത്തെ വോട്ടെടുപ്പ് ആരംഭിച്ചു ; സമരമേഖലകളിൽ കനത്ത സുരക്ഷ

single-img
8 February 2020

ഡൽഹി : രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 11ന് അറിയാം. രാജ്യം ഉറ്റുനോക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുക. ഇന്നു വൈകിട്ടോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.

ഭരണകക്ഷിയായ എഎപി, ബിജെപി, കോൺഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക മണ്ഡലങ്ങളിലും. ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു 2 സീറ്റിലും എൽജെപി 1 സീറ്റിലും മത്സരിക്കുന്നു. കോൺഗ്രസ് സഖ്യകക്ഷിയായ ആർജെഡി 4 സീറ്റിൽ മത്സരിക്കുന്നുണ്ട്. ബിഎസ്പി 42 സീറ്റുകളിലും.വിവിധ സർവേ ഫലങ്ങൾ എഎപി അധികാരത്തിൽ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നൽകുന്നത്.

കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് എങ്ങും. ദില്ലി പോലീസിലെ നാൽപതിനായിരത്തിലധികം ഉദ്യോഗസ്ഥരും 190 കമ്പനി സായുധസേനയും 19,000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായുള്ളത്.പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗ്, ജാമിയ നഗർ ഉൾപ്പെടെ പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.