പൗരത്വ ഭേദഗതി നിയമത്തില്‍ വിയോജിപ്പ്; മധ്യപ്രദേശില്‍ ബിജെപി കൗൺസിലര്‍ രാജിവെച്ചു

single-img
8 February 2020

കേന്ദ്ര സർക്കാർ രാജ്യത്ത് കൊണ്ടുവന്ന പുതിയ പൗരത്വ ഭേദഗതി നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മധ്യപ്രദേശിലെ ഇൻഡോർ ബിജെപി കൗൺസിലർ ഉസ്മാൻ പട്ടേൽ രാജിവെച്ചു. പ്രസ്തുത നിയമം ഒരു സമുദായത്തോട് മാത്രം വിവേചനം കാട്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വളരെ വ്യക്തമായി പഠിച്ചാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് ഖജ്‌റാന പ്രദേശത്തെ മുനിസിപ്പൽ കൗൺസിലറായ ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു. ഈ നിയമം രാജ്യത്തെ മുസ്‍ലിംകൾക്ക് എതിരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പട്ടേൽ പറഞ്ഞു. മധ്യപ്രദേശിലാകെ ബിജെപിയുടെ ന്യൂനപക്ഷ സെല്ലിലെ നൂറുകണക്കിന് അംഗങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഇത്തരത്തിൽ രാജിവച്ചത്.