‘ഒരു രൂപയുടെ പോലും ആസ്ഥിയില്ല’; 100 മില്ല്യണ്‍ ഡോളര്‍ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട ബ്രിട്ടീഷ് കോടതിയില്‍ അനില്‍ അംബാനി

single-img
8 February 2020

തനിക്ക് നിലവിൽ ഒരു രൂപയുടെ പോലും ആസ്ഥിയില്ലെന്നും പാപ്പരാണെന്നും അനില്‍ അംബാനി. ഇപ്പോഴുള്ള ബാധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അംബാനി കോടതിയില്‍ പറഞ്ഞു.ചൈനീസ് ബാങ്കുകൾക്ക് 700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തില്‍ നല്കിയ ഹര്‍ജിയിലാണ് അംബാനി ഇത്തരത്തിൽ മറുപടി നൽകിയത്. കമ്പനിയുടെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

അടുത്ത ആറാഴ്ചയ്ക്കുള്ളില്‍ 100 മില്ല്യണ്‍ ഡോളര്‍ (715.07കോടി രൂപ) നല്‍കണമെന്നാണ് അനില്‍ അംബാനിക്ക് ബ്രിട്ടീഷ് കോടതി നല്‍കിയ ഉത്തരവ്. കേസില്‍ ഇപ്പോഴും വാദം പൂര്‍ത്തിയാകാത്തതിനാല്‍ തുക കോടതിയില്‍ കെട്ടിവയ്ക്കണം. അനില്‍ അംബാനി നൽകാനുള്ള 68 കോടി ഡോളറിനു(48606 കോടി രൂപ) വേണ്ടി മൂന്ന് ചൈനീസ് ബാങ്കുകള്‍ ബ്രിട്ടീഷ് കോടതിയില്‍ നല്‍കിയ കേസിലാണ് ഇടക്കാലവിധി.

ചൈന ആസ്ഥാനമായ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഒഫ് ചൈന മുംബയ് ശാഖയും ചൈന ഡെവലപ്‌മെന്റ് ബാങ്കും എക്‌സിം ബാങ്ക് ഓഫ് ചൈനയുമാണ് അനിലിനെതിരെ ബ്രിട്ടീഷ് കോടതിയിൽ കേസ് നല്‍കിയത്. വരുന്ന ആറാഴ്ചയ്ക്കുള്ളില്‍ 100 ദശലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കാന്‍ ജഡ്ജി ഡേവിഡ് വാക്‌സ്മാന്‍ ആവശ്യപ്പെട്ട ഉത്തരവിനെതിരെ അപ്പീല്‍ നല്കാനൊരുങ്ങുകയാണ് അനില്‍ അംബാനി.