നരേന്ദ്രമോദി ഒരു പ്രധാനമന്ത്രിയുടെ രീതിയിലല്ല പലപ്പോഴും പെരുമാറുന്നത്: രാഹുല്‍ ഗാന്ധി

single-img
7 February 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രധാനമന്ത്രിയെ പോലെയല്ല പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്നലെ ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് മോദി വിശേഷിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ മുതിര്‍ന്നതോടെയാണ് മോദി രാഹുലിനെ പരിഹസിച്ചത്.

“സാധാരണയായി പ്രധാനമന്ത്രിക്ക് ഒരു പ്രത്യേക പദവി ഉണ്ട്, അദ്ദേഹം പെരുമാറേണ്ട ചില പ്രത്യേക രീതികളും ഔന്നത്യവുമുണ്ട്, എന്നാൽ നമ്മുടെ പ്രധാനമന്ത്രിക്ക് ഇവയൊന്നുമില്ല. ഒരു പ്രധാനമന്ത്രി എന്ന രീതിയിലല്ല അദ്ദേഹം പലപ്പോഴും പെരുമാറുന്നത്,” രാഹുല്‍ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലോക്‌സഭ സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്റെ മറുപടിക്കിടെയുണ്ടായ മോദിയുടെ ട്യൂബ് ലൈറ്റ് പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ബിജെപി തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പാർലമെന്റിൽ സംസാരിക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു.