വെടിയേറ്റു വീണ ഗാന്ധി; തോമസ് ഐസകിന്റെ ബജറ്റ് കവറില്‍തന്നെ വ്യത്യസ്തം

single-img
7 February 2020

തിരുവനന്തപുരം: ധനമന്ത്രി ടി എം തോമസ് ഐസകിന്റെ 11-ആം ബജറ്റ് കവറില്‍ തന്നെ വ്യത്യസ്തം. വെടിയേറ്റു വീണ ഗാന്ധിയുടെ ചിത്രമാണ് 2020-2021 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന്റെ കവര്‍ ഫോട്ടോയായത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് ഈ ചിത്രം.

പ്രശസ്ത പെയിന്ററും ഇല്ലസ്ട്രേറ്ററുമായ ടോം വട്ടക്കുഴിയുടെ ഗാന്ധിഹിംസ എന്ന ചിത്രമാണ് ബജറ്റ് പ്രസംഗത്തിന്റെ കവറില്‍ ഉപയോഗിച്ചിരിക്കുന്നത്. ചിത്രം ഉപയോഗിക്കാൻ അനുമതി നൽകിയതിന് ടോമിന് ധനമന്ത്രി തോമസ് ഐസക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

മഹാത്മാ ഗാന്ധിക്കെതിരെയും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കെതുഇരെയും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് ഒരു സംസ്ഥാന ബജറ്റിന് ഗാന്ധിവധം കവര്‍ചിത്രമാകുന്നത് എന്നത് ശ്രദ്ധേയമാണ്.

ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഒരു നാടകമായിരുന്നെന്ന് ബിജെപി എംപി അനന്ത ഹെഡ്‌ഗെ പറഞ്ഞത് ദിവസങ്ങള്‍ക്കു മുമ്പാണ്. ഗുജറാത്തിലെ സ്വകാര്യ സ്‌കൂളിലെ ചോദ്യപേപ്പറില്‍ ‘ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ’യെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ഗുജറാത്തിലെതന്നെ അംറേലിയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമ അടുത്തിടെ തകര്‍ക്കപ്പെട്ടിരുന്നു.