തീരദേശ പാക്കേജിന് 1000 കോടി, മത്സ്യത്തൊഴിലാളികള്‍ക്ക് 40000 വീടുകള്‍, ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

single-img
7 February 2020

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണം പൂര്‍ത്തിക്കി ബജറ്റ് രേഖകള്‍ സഭയില്‍ സമര്‍പ്പിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിനും വിദ്യാഭ്യസത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ധനമന്ത്രി നടത്തിയിരിക്കുന്നത്.

തീരദേശ പാക്കേജിന് 1000 കോടി വകയിരുത്തിയ ബജറ്റില്‍ മത്സ്യതൊഴിലാളികള്‍ക്ക് 40000 വീടുകള്‍ നീര്‍മ്മിച്ച് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ഓഖി പുനരധിവാസ പാക്കേജിന് ആയി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച ഫണ്ടില്‍ ഓഡിറ്റിംഗിന് തയ്യാറാണെന്ന പ്രഖ്യാപനവും ധനമന്ത്രി തോമസ് ഐസക് നടത്തിയിട്ടുണ്ട്. ഫണ്ട് ചെവലഴിച്ചതിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക്‌ 493 കോടിരൂപ ബജറ്റില്‍ അനുവദിച്ചു. ഇതില്‍ 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂര്‍, മഹാത്മ, മലയാളം, സംസ്‌കൃത, നിയമ സര്‍വകലാശാലകള്‍ക്കു വേണ്ടിയുള്ളതാണ്. ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് 16 കോടി, കെസിഎച്ച്ആറിന് ഒമ്പത് കോടി. എന്നിങ്ങനെയാണ് വിദ്യാഭ്യാസ രംഗത്തെ ഫണ്ട് പ്രഖ്യാപനങ്ങള്‍. കൂടാതെ മാര്‍ച്ചോടെ കോളജുകളില്‍ 1000 പുതിയ അധ്യാപക തസ്തികകള്‍ തുടങ്ങും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 60 പുതിയകോഴ്സുകള്‍ അനുവദിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

സ്ത്രീ ശാക്തീകരണ പദ്ധതി വിഹിതം ഇരട്ടിയാക്കി. വനിതാ സംരംഭക പ്രോത്സാഹനത്തിന് മൂന്ന് കോടിരൂപ അനുവദിക്കും. മത്സ്യ വില്‍പ്പനക്കാരായ സ്ത്രീകള്‍ക്ക് ആറുകോടി, വയോമിത്രം പദ്ധതിക്ക് 24 കോടി എന്നിങ്ങനെ യാണ് ഫണ്ട് വകയിരുത്തല്‍. കൂടാതെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 500 രൂപകൂട്ടി.

കൊച്ചിയുടെ സമഗ്ര വികസനത്തിന് ബജറ്റില്‍ 6000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. നഗര, ഗതാഗത വികസനം പരിസ്ഥിതി സൗഹൃദമായി നടപ്പാക്കുമെന്ന്‌ ധനമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി രൂപ ചെലവു വരും.

ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:

 • കുട്ടനാട് പാക്കേജിന് 2400കോടി.
 • വയനാട് പാക്കേജിന് 2000 കോടി.
 • ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി.
 • മുന്നോക്ക സമുദായ ക്ഷേമത്തിന് 36 കോടി.
 • പുതിയ ഗ്രാമീണ റോഡ് വികസന പദ്ധതിക്ക് 1000 കോടി
 • കെ.എസ്.ആര്‍.ടി.സിക്ക് 1000കോടി; പദ്ധതിയില്‍ 109 കോടി വേറെ.
 • ഭിന്നശേഷിക്കാര്‍ക്ക് 217 കോടി, തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 290 കോടി.
 • ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും.
 • നികുതി വര്‍ദ്ധിപ്പിച്ചതിനാല്‍ കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് വില കൂടും
 • 12000 പുതിയ പൊതുടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കും
 • പുതിയ 60 ന്യൂജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ അനുവദിക്കും.
 • കയര്‍ ഉത്പാദനം 40,000 ടണ്ണായി ഉയര്‍ത്തും
 • 400 കയര്‍ പായ യന്ത്രമില്ലുകള്‍, 2000 ഓട്ടോമാറ്റിക് പിരി യന്ത്രങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കും.
 • പ്രീപ്രൈമറി അധ്യാപകരുടെ അലവന്‍സില്‍ പ്രതിമാസം 50രൂപയുടെ വര്‍ദ്ധനവ്.
 • കാര്‍ഷികേതര മേഖലയില്‍ 1000 പേര്‍ക്ക് ഒരാളെന്ന തോതില്‍ 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
 • കയര്‍ സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള കടാശ്വാസത്തിന് 25 കോടി.
 • 2.5 ലക്ഷം പേര്‍ക്ക് പുതിയ കുടിവെള്ള കണക്ഷന്‍.
 • സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ കൂലി പ്രതിദിനം 50 രൂപയുടെ വര്‍ദ്ധനവ്.
 • 100 ഏക്കറില്‍ 150 കോടിയുടെ മെഗാഫുഡ് പാര്‍ക്ക്
 • ഒരുലക്ഷം പുതിയ വീടുകള്‍.