എയര്‍ ഇന്ത്യ വിമാനത്തിനുള്ളിൽ വച്ച് ശാരീരിക അസ്വസ്ഥത; ചൈനീസ് പൗരനെ പൂനെയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

single-img
7 February 2020

യാത്ര ചെയ്യവേ വിമാനത്തിനുള്ളിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ചൈനീസ് പൗരനെ കൊറോണ വൈറസ് എന്ന് സംശയിച്ചു പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനയിൽ പ്രവർത്തിക്കുന്ന നായിഡു ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കാണ് ഇയാളെ മാറ്റിയത്. എയർ ഇന്ത്യയുടെ വിമാനത്തിൽ ദില്ലിയിൽ നിന്ന് പൂനെയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യാത്രക്കാരൻ.

യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇയാൾ രണ്ടു തവണ ഛര്‍ദ്ദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട വിമാനത്തിലെ ജീവനക്കാർ അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. നിലവിൽ പരിശോധനക്കായി രക്ത സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡോ. രാമചന്ദ്ര ഹങ്കാരെ പറഞ്ഞു. പിന്നീട് വിമാനം അണുവിമുക്തമാക്കിയ ശേഷമാണ് ഡൽഹിയിലേക്ക് തിരിച്ചത്.