‘സൂര്യനമസ്ക്കാരം ചെയ്ത് അടികൊള്ളാൻ തയ്യാറെടുക്കും’ ; രാഹുലിന് മറുപടിയുമായി മോദി

single-img
6 February 2020

ഡൽഹി: ആറ് മാസത്തിനുള്ളിൽ പ്രധാനമന്ത്രിക്ക് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാകുമെന്നും രാജ്യത്തെ യുവജനം മോദിയെ വടികൊണ്ട് അടിക്കുമെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ് മാസത്തിനുള്ളിൽ തന്നെ അടിക്കുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നും അടി കൊള്ളാൻ സൂര്യനമസ്കാരം ചെയ്ത് തന്‍റെ ശരീരത്തെ തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പാർലമെന്‍റിൽ പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ല. പ്രധാനമന്ത്രി ഇപ്പോൾ പ്രസംഗിച്ച് നടക്കുകയാണ്. ആറ് മാസം കഴിഞ്ഞാൽ രാജ്യത്തെ യുവജനം മോദിയെവടികൊണ്ട് അടിക്കുമെന്നുമായിരുന്നു ബുധനാഴ്ച ഡൽഹിയിലെ റാലിക്കിടെ രാഹുൽ ഗാന്ധിയുടെ വിമർശനം.

എന്നാൽ കഴിഞ്ഞ 20 വ‌‌ർഷമായി പലതരത്തിലുള്ള നിങ്ങളുടെ അടി നേരിട്ട് തന്നെയാണ് മുന്നോട്ട് വന്നിട്ടുള്ളത്.അടികൊള്ളാൻ പാകത്തിന്‍റെ തന്‍റെ നടു ശക്തിപ്പെടുത്താനാവശ്യമായത്ര സൂര്യ നമസ്കാരങ്ങൾ ചെയ്യും. രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് പാർലമെന്‍റിൽ മറുപടി നൽകുകയായിരുന്നു മോദി .മഹാത്മാ ഗാന്ധി കീ ജയ് വിളിച്ച് പ്രതിപക്ഷത്തിനോട് ഞങ്ങൾക്ക് ഗാന്ധിജി ജീവിതമാണെന്നും പ്രധാനമന്ത്രി മറുപടി നൽകി.