‘സഖാവ് പറഞ്ഞാല്‍ പ്രധാനമന്ത്രി വരെ ഏറ്റു പറഞ്ഞേ പറ്റൂ’; പിണറായിയുടെ തീവ്രവാദി പരാമര്‍ശം മോദി ഏറ്റുപിടിച്ചതിനെ ട്രോളി വിടി ബല്‍റാം

single-img
6 February 2020

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുപിടിച്ചതില്‍ പിണറായി വിജയനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ‘പിണറായി ഉയിര്‍’ എന്ന് തുടങ്ങുന്ന ഫെയിസ്ബുക്ക് പോസ്റ്റില്‍ ‘സഖാവ് ഒരു കാര്യം പറഞ്ഞാല്‍ ഗവര്‍ണര്‍ക്കല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ ഏറ്റു പറഞ്ഞേ പറ്റൂ’ എന്ന് ബല്‍റാം പരിഹസിക്കുന്നു.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന മോദി ഇന്ന് പാര്‍ലമെന്റില്‍ പരാമര്‍ശിച്ചിരുന്നു. ഷഹീന്‍ ബാഗ് ഉള്‍പ്പെടെ പൗരത്വ നിയമത്തിനെതിരായ സമരം നടത്തുന്നവരെ ബിജെപി തീവ്രവാദികള്‍ എന്ന് ആക്ഷേപിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വരുന്നത്.

സമരക്കാര്‍ക്കെതിരെ പലയിടങ്ങളിലും പോലീസ് കേസ് എടുത്തതിനെ നിയമസഭയില്‍ ചോദ്യം ചെയ്ത പ്രതിപക്ഷാംഗങ്ങളൊടാണ് സമരത്തിനിടെ അക്രമം അഴിച്ചുവിട്ട തീവ്രവാദ സംഘടനകളില്‍ പെട്ടവര്‍ക്കെതിരായാണ് കേസ് എടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം.