വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃത പണം കണ്ടെത്തിയിട്ടില്ല; വാർത്താക്കുറിപ്പുമായി ആദായനികുതി വകുപ്പ്

single-img
6 February 2020

നിലവിൽ പരിശോധന നടക്കുന്ന തമിഴ് സൂപ്പർ താരം വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃത പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്‍റെ വാർത്താക്കുറിപ്പ്. വിജയ് നായകനായ ‘ബിഗിൽ’ എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

വലിയ ഹിറ്റായ ഈസിനിമ 300 കോടി രൂപയാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. ആദായനികുതി വകുപ്പ് അൻപുച്ചെഴിയന്‍റെ എജിഎസ് ഗ്രൂപ്പ് ഓഫ് എന്‍റർടെയിൻമെന്‍റിന്‍റെയും എജിഎസ് ഗ്രൂപ്പിന്‍റെ മറ്റ് ഓഫീസുകളിലും നടത്തിയ റെയ്‍ഡിലൂടെ 300 കോടിയിലധികം രൂപയുടെ അനധികൃത രേഖകളും ചെക്കുകളും പ്രോമിസറി നോട്ടുകളും സ്വത്ത് രേഖകളും കണ്ടെത്തി എന്നാണ് അറിയിച്ചിട്ടുള്ളത്. അതുമായി ബന്ധപ്പെട്ടാണ് വിജയ്‍യുടെ വീട്ടിൽ റെയ്‍ഡ് നടന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

സിനിമയിലെ നായകനായ വിജയ്‍ക്ക് ‘ബിഗിൽ’ സിനിമയുമായി ബന്ധപ്പെട്ട് കിട്ടിയ പ്രതിഫലവും ഇതുമായി ബന്ധപ്പെട്ട് നിർമാതാവ് ഓഫീസിൽ സൂക്ഷിച്ച രേഖയും തമ്മിൽ പൊരുത്തക്കേടുണ്ട്. അതേപോലെ തന്നെ വിജയ് ചിലയിടങ്ങളിൽ സ്വത്ത് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള നിക്ഷേപങ്ങളും പരിശോധിക്കുന്നുണ്ട്. ഇപ്പോഴും പരിശോധന പുരോഗമിക്കുകയാണെന്നും ആദായനികുതി വകുപ്പ് കമ്മീഷണർ സുരഭി അലുവാലിയ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.