ഗോമൂത്രം കൊണ്ട് സോപ്പ്, ചാണകപേസ്റ്റ്; യുപിയിലെ മാഘ് മേള സര്‍വ്വം പശുമയം

single-img
6 February 2020

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നടക്കുന്ന മാഘ് മേളയ്ക്ക് വില്‍പനയ്ക്ക് വച്ചിരിക്കുന്നത് ഗോമൂത്രവും ചാണകവും കൊണ്ടുള്ള ബഹുവിധ ഉല്‍പന്നങ്ങള്‍. ഗോ മൂത്രം, ചാണകം എന്നിവയില്‍ നിന്നും നിര്‍മിച്ച സോപ്പുകള്‍, ടൂത്ത്‌പേസ്റ്റുകള്‍, റൂം ഫ്രഷ്നര്‍, ഐ ഡ്രോപ്‌സ്, വിവിധതരം ഔഷധങ്ങള്‍, വേദന സംഹാരി ഓയിലുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ് മേളയോട് അനുബന്ധിച്ച് കടകളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ദഹനക്കേട്, സന്ധിവാതം, തിമിരം, പ്രമേഹം, ശ്വാസകോശ അണുബാധ എന്നിവയ്ക്കുള്ള ‘മരുന്നുകകള്‍’ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കരുള്ളത്. കാണ്‍പൂരിലെ ബിത്തൂരിലുള്ള ഗോശാലയിലാണ് ഈ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് മാനേജർ അഭിഷേക് ബാജ്‌പായ് പറഞ്ഞു. മാഘ് മേളയിൽ ഇതാദ്യമായാണ് ഈ ഉൽപ്പന്നങ്ങൾ വിൽപ്പനയ്‌ക്കെത്തുന്നതെങ്കിലും ഇവയിൽ ചിലത് 2013, 2019 കുംഭമേളകളിൽ വിപണിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

പശു മൂത്രത്തിൻറെയും ചാണകത്തിൻറെയും ഔഷധ ഗുണങ്ങളിൽ‌ വിശ്വസിക്കുന്ന ധാരാളം ആളുകൾ‌ സ്റ്റാളുകൾ‌ സന്ദർശിക്കുന്നു. ഉൽ‌പ്പന്നങ്ങൾ‌ ഇതിനകം തന്നെ എല്ലാ ആർ‌എസ്‌എസ് / വിഎച്ച്പി കേന്ദ്രങ്ങളിമും ലഭ്യമാണ്. കൂടാതെ ജൈവ മൂല്യമുള്ള ഈ ഉല്‍പന്നങ്ങള്‍ ഉടന്‍ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ലഭ്യമാകും. ബാജ്‌പായ് വ്യക്തമാക്കി.

നേത്ര സംരക്ഷണ ഉൽപ്പന്നങ്ങൾ കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും സോപ്പുകൾ, ഫെയ്സ് പായ്ക്കുകൾ, സുഗന്ധ തിരികള്‍ എന്നിവ ഉണ്ടാക്കുന്നതിന് പശു മൂത്രത്തിന് ഒപ്പം ചാണകവും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.