ആദിവാസി ബാലനെകൊണ്ട് ചെരുപ്പ് അഴിപ്പിച്ചു തമിഴ്നാട് മന്ത്രി

single-img
6 February 2020

ചെന്നൈ: ആദിവാസി കുട്ടിയെ പരസ്യമായി അപമാനിച്ച് തമിഴ്നാട് മന്ത്രി. എഐഎഡിഎംകെ നേതാവും വനം വകുപ്പ് മന്ത്രിയുമായ ദിണ്ടിഗൽ ശ്രീനിവാസനാണ് കുട്ടിയെ കൊണ്ട് പൊതുവേദിയിൽ മന്ത്രിയുടെ ചെരുപ്പഴിപ്പിച്ചത്. രാവിലെ മുതുമലയിൽ കുങ്കി ആന സംരക്ഷണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.

ആന കേന്ദ്രത്തിലെ ക്ഷേത്രത്തിലേക്ക് കയറുന്നതിന് വേണ്ടിയാണ് മന്ത്രി കുട്ടിയെകൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ചത്. ചുറ്റുംകൂടിനിന്നവരിൽനിന്ന് മന്ത്രി കുട്ടിയെ വിളിച്ചുവരുത്തുകയും ചെരുപ്പ് അഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.ദൃശ്യങ്ങൾ‌ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ മന്ത്രി തടയുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. പരിപാടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടു.