തണുപ്പ് മാറ്റാന്‍ മുറിക്കുള്ളിൽ വിറക് കൂട്ടിയിട്ട് തീ കത്തിച്ച് കിടന്നുറങ്ങി; പുകശ്വസിച്ച് പ്രവാസി മരിച്ചു

single-img
6 February 2020

കഠിനമായ തണുപ്പിനെ അകറ്റാൻ മുറിക്കുള്ളിൽ വിറക് കനലുകൾ കൂട്ടിയിട്ട് തീ കത്തിച്ച് കിടന്നുറങ്ങിയ ഇന്ത്യാക്കാരൻ പുക ശ്വസിച്ച് മരിച്ചു. റിയാദിലെ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ എയർപ്പോർട്ട് റൂട്ടിൽ താമസിച്ചിരുന്ന യുപിയിലെ ശിഖാര സ്വദേശി ജമാലുദ്ദീൻ ജലാലുദ്ദീൻ സിദ്ദീഖി (58) ആണ് ഇത്തരത്തിൽ ദാരുണമായി മരിച്ചത്.

ഇവിടെ ഒരു കൃഷിതോട്ടത്തിലായിരുന്നു ഇയാൾക്ക് ജോലി.സമീപത്തുള്ള കെട്ടിടത്തിലായിരുന്നു താമസവും. കഠിനമായ ശൈത്യം അനുഭവപ്പെടുന്ന പ്രദേശമാണ് ഇവിടം. തണുപ്പ് കടക്കാതിരിക്കാൻ മുറിക്കുള്ളിൽ തന്നെ ഇറച്ചി ചുടുന്ന അടുപ്പ് വെച്ച് അതിനുള്ളിൽ കനലുകളിട്ട് കത്തിക്കുകയായിരുന്നു.

തീ കെട്ടു എങ്കിലും പതിയെ എരിഞ്ഞുകൊണ്ടിരുന്ന കനലിൽ നിന്ന് വമിച്ച പുക മുറിക്കുള്ളിൽ നിറയുകയും ശ്വാസം മുട്ടി മരണം സംഭവിക്കുകയുമായിരുന്നു. മരണത്തെ തുടർന്ന് ബുറൈദ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാത്രി റിയാദിലെത്തിച്ച് വ്യാഴാഴ്ച രാവിലെ ലക്നോയിലേക്കുള്ള വിമാനത്തിൽ കൊണ്ടുപോകും.