വിശാലബഞ്ചിന് വിട്ടത് പുനഃപരിശോധനാ ഹര്‍ജികളല്ല; സോളിസിറ്റർ ജനറൽ തുഷാർ മേത്ത

single-img
6 February 2020

ഡൽഹി : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹർജികളല്ല വിശാല ബെഞ്ചിനു വിട്ടതെന്നു സോളിസിറ്റർ ജനറൽ (എസ്‌ജി) തുഷാർ മേത്ത . ശബരിമല പുനഃപരിശോധനാഹര്‍ജികളിലെ നിയമപ്രശ്നങ്ങള്‍ വിശാലബഞ്ചിന് വിട്ടതിന്റെ സാധുത സുപ്രീംകോടതി പരിശോധിക്കുന്നതിനിടയിലാണ് തുഷാർ മെഹ്ത്തയുടെ വാദം.

‘പുനപരിശോധന ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ അല്ല വിശാലബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. പല കേസുകളിലായി സമാനമായ ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിൽ വിശാല ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്. വിവിധ ഹര്‍ജികളിലെ നിയമപ്രശ്നങ്ങള്‍ മാത്രമാണ് വിശാലബഞ്ചിന് വിട്ടതെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

എന്നാൽ എസ്‌ജിയുടെ വാദം അസംബന്ധമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ തിരിച്ചടിച്ചു. ഒരു കേസിൽ വിധി വന്നുകഴിഞ്ഞു. ആ കേസിൽ പുനപരിശോധന ഹർജിയും വന്നു. പുനപരിശോധന ഹർജി അംഗീകരിച്ചിട്ട് കേസ് വീണ്ടും പരിശോധിക്കാം . അതിനപ്പുറത്തേക്ക് പോകാനാകില്ല. ഭരണഘടനാബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാഹര്‍ജിയുടെ സാധ്യത പരിമിതമാണ്. ഫാലി എസ്.നരിമാന്‍ പറഞ്ഞു.

മതപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോയെന്നത് ഉള്‍പ്പെടെ ഏഴു ചോദ്യങ്ങളാണ് ശബരിമല പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്‍ക്ക് വിട്ടത്.

അതെ സമയം വിശാല ബെഞ്ചിനെ എതിർത്ത് കേരളം രംഗത്ത് വന്നു.പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടേണ്ടന്നാണ് കേരളം അറിയിച്ചത്.വിധിയിൽ തെറ്റ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ വിശാല ബെഞ്ച് രൂപീകരിക്കാമെന്ന് വ്യക്തമാക്കി.