ഭൂരിപക്ഷ സമുദായം ജാഗ്രത പാലിച്ചില്ലെങ്കില്‍ രാജ്യത്ത് മുഗള്‍ ഭരണം വീണ്ടും വരും: ബിജെപി എംപി

single-img
6 February 2020

പൗരത്വ നിയമ ഭേദ​ഗതിക്കെതിരായി ഡൽഹിയിലെ ഷഹീന്‍ ബാഗിലെ സമരത്തെ വിമർശിച്ച് കര്‍ണാടകയിലെ ബിജെപി യുവനേതാവ് തേജസ്വി സൂര്യ. ഇന്ത്യയിൽ ഭൂരിപക്ഷ സമുദായം ജാഗ്രത പാലിച്ചില്ലെങ്കില്‍ മുഗള്‍ ഭരണം വീണ്ടും വരുമെന്ന് തേജസ്വി സൂര്യ പറഞ്ഞു. രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് തേജസ്വി സൂര്യയുടെ പരാമർശം. “ഷഹീൻ ബാഗിൽ ഇന്ന് സംഭവിക്കുന്നതിൽ ഈ രാജ്യത്തെ ഭൂരിപക്ഷവും ജാഗ്രത പുലർത്തുന്നില്ലെങ്കിൽ, ദേശസ്നേഹികളായ ഇന്ത്യക്കാർ ഇതിനോട് യോജിക്കുന്നില്ലെങ്കിൽ, മുഗള്‍ ഭരണം ദില്ലിയിലേക്ക് മടങ്ങിവരുന്ന ദിവസങ്ങൾ വിദൂരമല്ല“- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിഭജന കാലം മുതൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് സി‌എ‌എയുടെ ലക്ഷ്യമെന്നും തേജസ്വി സൂര്യ പറഞ്ഞു. പോയകാലത്തിന്റെ മുറിവുകൾ ഭേദമാക്കാതെ പുതിയ ഇന്ത്യയെ നിർമ്മിക്കാൻ സാധിക്കില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.

നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെക്കുറിച്ചാണ് സി‌എ‌എ പറയുന്നതെന്നും ആരുടെയും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയല്ല നിയമമെന്നും തേജസ്വി സൂര്യ പറഞ്ഞു.