ഹിന്ദുമഹാസഭ നേതാവിന്റെ കൊലപാതകം: പിന്നില്‍ അവിഹിത ബന്ധം, ഭാര്യയും കാമുകനും അറസ്റ്റില്‍

single-img
6 February 2020

ലക്‌നൗ: അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. രഞ്ജിത്തിന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, കാമുകന്‍ ദീപേന്ദ്ര, ഡ്രൈവര്‍ സഞ്ജീവ് ഗൗതം എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായിരിക്കുന്നത്. രഞ്ജിത്തിനു നേര്‍ക്ക് വെടിയുതിര്‍ത്ത ജിതേന്ദ്ര എന്നയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കമ്മീഷണർ സുജിത് പാണ്ഡെ പത്രസമ്മേളനത്തിൽ പറഞ്ഞു.

രഞ്ജിത്തിന്റെ രണ്ടാം ഭാര്യയുമായുള്ള വിവാഹമോചനക്കേസ് 2016 മുതല്‍ കുടുംബകോടതിയില്‍ നടന്നുവരികയാണ്. രഞ്ജിത്തില്‍ നിന്ന് വിവാഹമോചനം നേടി ദീപേന്ദ്രയെ വിവാഹം ചെയ്യാന്‍ സ്മൃതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് രഞ്ജിത്ത് തയാറായില്ല. ജനുവരി 17 ന് രഞ്ജിത്തും സ്മൃതിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ സ്മൃതിയെ രഞ്ജിത്ത് മര്‍ദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു.

കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക, വസ്തു തര്‍ക്കങ്ങളൊന്നുമില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തീവ്രവാദ ആംഗിൾ ഉൾപ്പെടെ സാധ്യമായ എല്ലാ കോണുകളും പോലീസ് പരിശോധിച്ചതായി കമ്മീഷണർ പറഞ്ഞു.