കാത്തിരുന്ന കളി മുടങ്ങിയേക്കും ; ഓള്‍ സ്റ്റാർ മത്സരത്തോട് മുഖംതിരിച്ച് ക്ലബ്ബുകൾ

single-img
6 February 2020

മുംബൈ: കാണികൾ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഓള്‍ സ്റ്റാർ മത്സരത്തോട് മുഖംതിരിച്ച് ക്ലബ്ബുകൾ. ഐപിഎല്ലിനെ കൂടുതൽ ജനപ്രിയമാക്കാനും സീസണിനു മുന്നോടിയായി ആരാധകരെ ആകർഷിക്കാനും ബിസിസിഐയും ഐപിഎൽ ഭരണസമിതിയും സംയുക്തമായി വിഭാവനം ചെയ്തതാണ് ഓൾ സ്റ്റാർ പോരാട്ടം. ഐപിഎല്ലിലെ താരരാജാക്കാൻമാർ രണ്ടു ടീമുകളിലായി അണിനിരക്കുന്ന ഓൾ സ്റ്റാർ പോരാട്ടത്തിന് താരങ്ങളെ വിട്ടുനൽകാൻ ഐപിഎൽ ക്ലബ്ബുകൾ മടികാട്ടുന്ന സാഹചര്യത്തിലാണ് കാണികൾ കാത്തിരുന്ന കളി മുടങ്ങിയേക്കുമെന്നുള്ള മുൻവിധികളും സജീവമാകുന്നത്.

ഐപിഎൽ സീസണിനു രണ്ടു ദിവസമായി എട്ടു ടീമുകളെയും രണ്ടു പൂളുകളാക്കി തിരിച്ച് ഓരോ പൂളിൽനിന്നും പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി ടീമുകൾ രൂപീകരിച്ചാണ് ഓൾ സ്റ്റാർ മത്സരം നടത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ മത്സരത്തിന് താരങ്ങളെ വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് ക്ലബ്ബുകൾ. ഇതോടെ, ബിസിസിഐ തിരക്കിട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി. ഓൾ സ്റ്റാർ പോരാട്ടം ഐപിഎല്ലിനു ശേഷം നടത്താനുള്ള സാധ്യതയെക്കുറിച്ചും ബിസിസിഐ ചിന്തിക്കുന്നുണ്ട്.

ക്രിക്കറ്റ് സംബന്ധമായ കാരണങ്ങൾക്കു പുറമെ ബിസിനസ് സംബന്ധമായ പ്രശ്നങ്ങളും ഉള്ളതിനാലാണ് പ്രമുഖ താരങ്ങളെ വിട്ടുനിൽകാൻ ക്ലബ്ബുകൾ മടിക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങുന്ന താരങ്ങൾ മറ്റു പരസ്യങ്ങളുള്ള ജഴ്സി ധരിക്കുന്നത് കരാറിന് വിരുദ്ധമാകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന് ഐപിഎല്ലിനായി ഒരുമിക്കുന്ന താരങ്ങൾക്ക് ഒരുമിച്ചുള്ള പരിശീലനത്തിനും ടീം രൂപീകരണത്തിനും അല്ലെങ്കിൽത്തന്നെ സമയം തികയുന്നില്ല. ഇതിനിടയിൽ ഇത്തരം കളികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും വിവിധ ക്ലബ്ബുകൾ ചൂണ്ടിക്കാട്ടിയിരുന്നു.