കൊറോണ വൈറസ് ആദ്യം തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍ വൈറസ് ബാധയേറ്റ് മരിച്ചു

single-img
6 February 2020

ബീജിങ്: വുഹാനില്‍ കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍ കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെട്ടു. വുഹാൻ സെൻട്രൽ ഹോസ്പിറ്റലിലെ നേത്രരോഗവിദഗ്ദ്ധനായ വെൻലിയാങ് (34) ആണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സിച്ച രോഗിയില്‍ നിന്നുമാണ് ലീയ്ക്ക് കൊറോണ പകര്‍ന്നത്.

ഡിസംബർ 30-ന്ചൈനീസ് മെസേജിംഗ് ആപ്ലിക്കേഷനായ വിചാറ്റിലെ മെഡിക്കല്‍ സഹപാഠികളുടെ ഗ്രൂപ്പിലൂടെയാണ് ജില്ലയില്‍ പടരുന്ന വൈറൽ അണുബാധയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴ് രോഗികൾക്ക് (ചൈനയില്‍ മുമ്പ് പടര്‍ന്നുപിടിച്ച) സാര്‍സ് രോഗത്തിനു സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ഏഴ് രോഗികളും ഹുബെയിലെ ഒരേ വിപണിയിൽ നിന്ന് മൃഗങ്ങളുടെ മാംസം കഴിച്ചതായും താൻ കണ്ട ഒരു പരിശോധന പ്രകാരം, അസുഖം ഒരു കൊറോണ വൈറസായിരുന്നു എന്നും ലീ പറഞ്ഞു.


ലീ ഇക്കാര്യം വെളിപ്പെടുത്തി മണിക്കൂറുകൾ‌ക്കുള്ളിൽ‌, വിവരം ചൈനീസ് സോഷ്യൽ മീഡിയയിൽ‌ കാട്ടുതീ പോലെ പടർന്നു. എന്നാല്‍ ലീ ഉള്‍പ്പെടെയുള്ളവര്‍ വ്യാജ വാര്‍ത്തകള്‍ പരത്തുകയാണെന്നാണ് ചൈനീസ് അധികൃതര്‍ ആദ്യം ആരോപിച്ചത്.

ജനുവരി മൂന്നിന് ചൈനീസ് അധികൃതർ ലിയെയും മറ്റ് ഏഴ് ഡോക്ടർമാരെയും വിളിച്ചുവരുത്തി വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് താക്കീത് ചെയ്തിരുന്നു. കുറ്റം ഏറ്റ് പറഞ്ഞ് സത്യവാങ്മൂലത്തില്‍ ഒപ്പിടുവിച്ച് ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് ഉറപ്പുവാങ്ങിയാണ് അന്ന് അധികൃതര്‍ ലീയെ സ്വതന്ത്രനാക്കിയത്.

എന്നാല്‍ പിന്നീട് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച നേത്രരോഗവിദഗ്ധനായ ലിയ്ക്ക് കൊറോണ വൈറസ് ബാധിച്ച ഒരു രോഗിയെ ചികിത്സിക്കുന്നതിനിടയിൽ, അണുബാധയും ലിയിലേക്ക് പകരുകയായിരുന്നു. രോഗിയുടെ അതേ ലക്ഷണങ്ങളാണ് അദ്ദേഹം കാണിച്ചത്. തുടര്‍ന്ന് ജനുവരി 12 ഓടെ അദ്ദേഹത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഫെബ്രുവരി 1 നാണ് ലിയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹം മരണപ്പെടുകയും ചെയ്തു. ലീയുടെ മരണത്തില്‍ ലോകാരോഗ്യ സംഘടന അനുശോചനം അറിയിച്ചു.

രോഗവ്യാപനം ആദ്യം അവഗണിച്ച ചൈന ജനുവരി 20നാണ് പകര്‍ച്ചവ്യാധിയുടെ ഗൗരവം ഉള്‍ക്കൊള്ളുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തത്.