രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും യാത്ര; നഷ്ടത്തിലായ എയര്‍ ഇന്ത്യയ്ക്ക് ലഭിക്കാനുള്ളത് 822 കോടി

single-img
6 February 2020

ഇന്ത്യൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ വിശിഷ്ട വ്യക്തികള്‍ക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ നല്‍കിയ ഇനത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഇനിയും 822 കോടി രൂപ ലഭിക്കാനുണ്ട് എന്ന് റിപ്പോര്‍ട്ട്. നിലവിൽ കടുത്ത കടക്കെണിയിലായ എയര്‍ ഇന്ത്യ വിറ്റഴിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് വിവിഐപി വിമാനങ്ങളുടെ പേരില്‍ വന്‍തുക പൊതു മേഖലാ സ്ഥാപനത്തിന് നല്‍കാനുണ്ടെന്ന വിവരം പുറത്തുവരുന്നത്.

എയർ ഇന്ത്യയ്ക്ക് നൽകിയ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. അതുപോലെ തന്നെ അവശ്യ സന്ദർഭങ്ങളിൽ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ച ഇനത്തില്‍ 9.67 കോടിയും ലഭിക്കാനുണ്ട്. ഇന്ത്യയുടെ വിദേശരാജ്യങ്ങളിലെ പ്രതിനിധികളുടെ യാത്രയുമായി ബന്ധപ്പെട്ട് 12.65 കോടിയും കുടിശികയായിട്ടുണ്ടെന്നും മറുപടിയില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കി.

രാജ്യത്തിന്റെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ നല്‍കുന്നതിന്റെ തുക അതാത് മന്ത്രാലയങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കേണ്ടതുണ്ട്. പക്ഷെ കൃത്യമായി ഇത് നല്‍കാന്‍ ഇവര്‍ തയ്യാറാകാത്തതിനാല്‍ എയര്‍ ഇന്ത്യ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികളിലേക്ക് കൂ്പ്പുകുത്താന്‍ ഇടയാകുകയായിരുന്നു.