എന്‍ഐഎ വേണ്ട; അലന്റെയും താഹയുടെയും കേസ് സംസ്ഥാന പോലീസിനെ ഏല്‍പ്പിക്കണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

single-img
5 February 2020

കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിൽ യുഎപിഎ ചുമത്തി കേരളാ പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും ദേശീയ അന്വേഷണ ഏജൻസിയായ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് തിരികെ കേരളാ പോലീസില്‍ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കത്തയച്ചു. സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

പന്തീരങ്കാവ് കേസ് എന്‍ഐഎയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഇതുവരെ മുഖ്യമന്ത്രി. കേസ് പരിഗണിച്ച കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം 21 നായിരുന്നു
അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വിട്ടത്.