ആരോഗ്യ വകുപ്പിന്റെ കൊറോണ പോസ്റ്റര്‍ കെഎസ്‌യുക്കാര്‍ വിതരണം ചെയ്തു; കീറിയെറിഞ്ഞ് എസ്എഫ്ഐ

single-img
4 February 2020

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ കെ‌എസ്‌യു പ്രവര്‍ത്തകര്‍ വിതരണത്തിന് എത്തിച്ച ആരോഗ്യവകുപ്പിന്റെ കൊറോണ ബോധവല്‍ക്കരണ പോസ്റ്റര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു. ‘ആശങ്ക വേണ്ട, കരുതല്‍ മതി’ എന്ന തലക്കെട്ടോടെ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളടങ്ങിയ പോസറ്ററുകളാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചത്.

കാമ്പസില്‍ വിതരണത്തിന് ഇറങ്ങിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി ഡിപ്പാർട്ട്മെന്‍റിന് മുന്നിൽ എത്തിയതോടെ ഇവരെ ഒരു സംഘം തടഞ്ഞു. ക്ലാസ് നടക്കുന്നതിനാല്‍ ഡിപ്പാർട്ട്മെന്‍റിൽ കയറാൻ അനുവദിക്കില്ലെന്ന് ആയിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ ഭീഷണി.
തുടര്‍ന്ന് കെഎസ്‌യുക്കാരുടെ കയ്യില്‍നിന്നും എസ് എഫ് ഐ പ്രവർത്തർ പോസ്റ്റര്‍ പിടിച്ചെടുത്ത് കീറിയെറിഞ്ഞു.

പഴയ യൂണിറ്റ് കമ്മിറ്റി അംഗം അജ്മൽ, ചന്ദു അശോക് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പോസ്റ്റര്‍ നശിപ്പിച്ചതെന്ന് കെഎസ്‌യു പ്രിന്‍സിപാളിന് പരാതിയില്‍ പറയുന്നു.