നിത്യാനന്ദ ആത്മീയ യാത്രയില്‍, കോടതി നോട്ടീസ് നല്‍കാനായില്ലെന്ന് കര്‍ണാടക പോലീസ് ഹൈക്കോടതിയില്‍

single-img
4 February 2020

ബെംഗളൂരു : ലൈംഗിക ആരോപണക്കേസിൽ ജാമ്യം നേടി രാജ്യംവിട്ട വിവാദ ആൾദൈവം നിത്യാനന്ദ ‘ആത്മീയയാത്ര’യിലാണെന്നും അതിനാൽ അദ്ദേഹത്തിനു നോട്ടിസ് കൈമാറാൻ സാധിക്കുന്നില്ലെന്നും കർണാടക പൊലീസ്. നിത്യാനന്ദ ആത്മീയ യാത്രയിലാണെന്നും നോട്ടീസ് അയക്കാനാകില്ലെന്നുമാണ് കർണാടക പൊലീസ് സിഐഡി വിഭാഗത്തിന്റെ വിചിത്ര വാദം. ലൈംഗിക ആരോപണക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണു പോലീസ് വിശദീകരണം.

അതെ സമയം വിചിത്രവാദങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിത്യാനന്ദയുടെ പുതിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.”ഈ ആരോപണങ്ങളൊക്കെ നേരിടുന്നതു പരമഹംസ നിത്യാനന്ദയാണ്. ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നതു പുതിയ അവതാരമാണ്. പേര് നിത്യാനന്ദ പരമശിവം”, വിഡിയോയിൽ നിത്യാനന്ദ പറയുന്നു.എന്നിട്ടും ഇതുവരെ നിത്യാനന്ദയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണു പൊലീസ് പറയുന്നത്. ക്ഷീണിതനായ നിത്യാനന്ദയുടെ വിഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്.