144 പ്രഖ്യാപിച്ചിട്ടും പരീക്ഷ കോപ്പിയടിക്ക് കുറവില്ല, വിദ്യാര്‍ഥിനിയുടെ കാമുകനും പിടിയില്‍

single-img
4 February 2020

പാറ്റ്ന: ബിഹാറില്‍ പരീക്ഷയ്ക്ക് കോപ്പിയടി തടയാന്‍ 144 പ്രഖ്യാപിച്ചിട്ടും രക്ഷയില്ല. പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ച പത്തോളം പേരെയാണ് വിവിധയിടങ്ങളില്‍നിന്നയി ഇന്ന് പിടികൂയത്. പരീക്ഷാ പരിശോധക സംഘത്തിലെ കാമറാമാനെന്ന വ്യാജേനെ ഹാളില്‍ കയറിക്കൂടി കാമുകിയെ കോപ്പിയടിക്കാന്‍ സഹായിച്ച നരേഷ് എന്ന യുവാവാണ് അധികൃതരെ സൂത്രത്തില്‍ കബളിപ്പിച്ച് ഒടുവില്‍ പിടിക്കപ്പെട്ടത്. അര്‍വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.

പൊലീസിന് കൈമാറിയ യുവാവിനെ ചോദ്യം ചെയ്തതില്‍നിന്ന് ഇയാള്‍ നേരത്തേയും ഈ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമായതായി എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്ന സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ വിദ്യാര്‍ഥികളല്ലാത്തവര്‍ക്ക് പ്രവേശനവും നിരോധിച്ചിട്ടുണ്ട്. കര്‍ശന ദേഹപരിശോധനയ്ക്ക് ശേഷം മാത്രമേ പരീക്ഷാര്‍ത്ഥികളെയും ഹാളിലേക്ക് കയറ്റുന്നുള്ളൂ. എങ്കിലും കോപ്പിയടിക്ക് കുറവൊന്നുമില്ലെന്നാണ് ബീഹാറില്‍നിന്നുള്ള വാര്‍ത്തകള്‍.

കോപ്പിയടിയിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ബീഹാറിലെ പരീക്ഷകള്‍ ലോക പ്രസിദ്ധമാണ്. 2015-ല്‍ ബിഹാറിലെ സ്‌കൂളുകളില്‍നിന്ന് പുറത്തുവന്ന വീഡിയോകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍വരെ വാര്‍ത്തയായിരുന്നു.
സ്‌കൂള്‍ കെട്ടിടങ്ങളിലെ ചുമരിലൂടെ വലിഞ്ഞുകയറി, ജനാലകളില്‍ അള്ളിപിടിച്ച് വിദ്യാര്‍ഥികളെ കോപ്പിയടിക്കാന്‍ സഹായിക്കുന്നവരുടെ ചിത്രങ്ങളും വീഡിയോകളും വ്യാപകായി പ്രചരിച്ചതോടെയാണ് ബീഹാറില്‍ പരീക്ഷ വന്‍ ‘പൊലീസ് ബന്തവസ്സില്‍’ നടത്താന്‍ തീരുമാനിച്ചത്.

2016-ല്‍ ഒന്നാം റാങ്കുകാരിയോട് തന്റെ മെയിന്‍ സബ്ജക്റ്റായ ‘പൊളിറ്റിക്കല്‍ സയന്‍സിനെ’ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ തിരക്കിയപ്പോള്‍ അത് പാചകങ്ങളെ കുറിച്ചുള്ള സബ്ജക്റ്റ് അല്ലേ എന്നായിരുന്നു റാങ്കുകാരിയുടെ പ്രതികരണം. ഇതേ തുടര്‍ന്ന് നടത്തിയ റീ ടെസ്റ്റില്‍ വിദ്യാര്‍ത്ഥിനി എട്ടുനിലയില്‍ പൊട്ടിയതോടെ ഇവരെ പിന്നീട് കോപ്പിയടികുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.