‘ഷെയിം ഷെയിം’ ‘ഗോലി മാരനാ ബന്ദ് കരോ’ ; ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം, വോക്കൗട്ട്

single-img
3 February 2020

ഡൽഹി : ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ പ്രതിഷേധിച്ച് ലോക്സഭയിൽ പ്രതിപക്ഷം വോക്കൗട്ട് നടത്തി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി എംപി പർവേഷ് വർമ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെയുള്ള വാക്കുകളിൽ പ്രതിഷേധിച്ചാണ് നടപടി.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ‘ഒറ്റുകാരെ വെടിവച്ചുകൊല്ലണം’ എന്ന് അനുരാഗ് ഠാക്കൂർ മുദ്രവാക്യം മുഴക്കിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം. ഷഹീൻ ബാഗിൽ സമരം ചെയ്യുന്നവർ വീടുകളിൽ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്യുമെന്നാണ് ബിജെപി എം.പി പർവേഷ് വർമ പറഞ്ഞത്. വിവാദ പ്രസംഗത്തെ തുടർന്ന് ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണത്തിൽനിന്നു വിലക്കിയിരുന്നു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ച് ചർച്ച നടത്താൻ പർവേഷ് വർമ എഴുന്നേറ്റപ്പോഴാണ് കോൺഗ്രസ്, ഡിഎംകെ എം.പിമാർ ഉൾപ്പെടെയുള്ളവർ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. നേരത്തെ അനുരാഗ് ഠാക്കൂറിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. ചോദ്യോത്തരവേളയിൽ എം.പിമാരുടെ ചോദ്യങ്ങൾക്ക് അനുരാഗ് ഠാക്കൂർ മറുപടി പറയുന്നതിനിടെ ‘ഗോലി മാരനാ ബന്ദ് കരോ’ (വെടിവയ്പ് അവസാനിപ്പിക്കുക), ‘ഷെയിം ഷെയിം’ എന്നീ മുദ്രാവാക്യങ്ങളുമായി മുപ്പതോളം പ്രതിപക്ഷ എം.പിമാർ അനുരാഗിന്റെ സീറ്റിനു സമീപം എത്തി പ്രതിഷേധിച്ചു .