ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന് വിട്ട നടപടി പരിശോധിക്കുമെന്ന് സുപ്രിംകോടതി

single-img
3 February 2020

ദില്ലി: ശബരിമല യുവതി പ്രവേശനം അടക്കം വിശ്വാസ വിഷയങ്ങള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിന്റെ നടപടി പരിശോധിക്കും. സുപ്രിംകോടതിയുടെ ഒമ്പതംഗ ബെഞ്ചാണ് അഭിഭാഷകരുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധനക്ക് ഒരുങ്ങുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല യുവതിപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളുമായി ബന്ധപ്പെട്ട ഒന്‍പതംഗ വിശാല ബെഞ്ച് സിറ്റിംഗ് തുടങ്ങിയ ഉടന്‍ തന്നെ ഭരണഘടനാ വിദഗ്ധനായ ഫാലി നരിമാന്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അഞ്ചംഗ ബെഞ്ച് പരിഗണിച്ച് തീര്‍പ്പാക്കിയതാണ്. അതേ വിഷയങ്ങള്‍ വീണ്ടും വിശാല ബെഞ്ച് പരിഗണിക്കുന്നത് ഉചിതമല്ല. തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ഫാലി നരിമാന്‍ കോടതിയെ അറിയിച്ചു.

പുനഃപരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിടുന്നത് അനുവദിക്കാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനും നിലപാട് വ്യക്തമാക്കി. മുഖ്യവിധിയിലെ തെറ്റുകള്‍ പരിശോധിക്കാന്‍ മാത്രമാണ് പുനഃപരിശോധനാ ഹര്‍ജി.