തരാമെന്നേറ്റ 15 ലക്ഷം കിട്ടിയില്ല; മോദിക്കും അമിത്ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

single-img
3 February 2020

റാഞ്ചി: അധികാരത്തിലേറിയാല്‍ 15 ലക്ഷം വീതം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം വാക്കുപാലിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ
റാഞ്ചിയില്‍ വഞ്ചനാക്കുറ്റത്തിന് കേസ്. ജാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷകന്‍ എച്ച്കെ സിങ്ങാണ് ഇത് സംബന്ധിച്ച് റാഞ്ചി കോടതിയില്‍ കേസ് നല്‍കിയത്. വഞ്ചനയും സത്യസന്ധതയില്ലായ്മയും ആരോപിച്ച് നല്‍കിയ പരാതിയില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയാണ് മൂന്നാം പ്രതി.

ഐപിസി 415, 420, 123(ബി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പറഞ്ഞിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുന്ന അദ്ദേഹം എന്ത്കൊണ്ടാണ് ഓരോ വ്യക്തിയുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ ക്രെഡിറ്റ് ചെയ്യുമെന്ന വാഗ്ദാനം പാലിക്കാത്തത്? വോട്ട് തേടുന്നതിന് തെറ്റായ വാഗ്ദാനം നൽകാനാവില്ലെന്ന് ജനപ്രാതിനിധ്യം നിയമം പറയുന്നു. ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. എച്ച്കെ സിംഗ് പരാതിയില്‍ പറയുന്നു.

അതേസമയം, ഇക്കാര്യം റാഞ്ചി അധികാരപരിധിയിൽ വരുന്നതെങ്ങനെയെന്നും 2013-14 ൽ നല്‍കിയ വാഗ്ദാനത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് അദ്ദേഹം നേരത്തെ കേസ് ഫയൽ ചെയ്യാതിരുന്നതെന്നും കോടതി എച്ച്കെ സിംഗിനോട് ചോദിച്ചു.

കേസ് അടുത്ത മാർച്ച് 2 ന് വീണ്ടും പരിഗണിക്കും.