കെജ്രിവാൾ തീവ്രവാദി എന്നതിന് നിരവധി തെളിവുകളുണ്ടെന്ന് കേന്ദ്രമന്ത്രി; എങ്കിൽ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച് ആം ആദ്മി

single-img
3 February 2020

ഡല്‍ഹി അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ ഡൽഹി കെജ്രിവാളിനെ ലക്ഷ്യംവെച്ച് രംഗത്ത് വന്നിരിക്കുകയാണ്. ‘ഡല്‍ഹിയിലുള്ള ജനങ്ങള്‍, ഒരുഘട്ടത്തില്‍ കെജ്രിവാളിന് പിന്നില്‍ നിന്നവര്‍, ഇപ്പോള്‍ അയാള്‍ക്ക് എതിരായിരിക്കുന്നു. അതിന് ഒരു കാരണമുണ്ട്’, പ്രകാശ് ജാവദേകര്‍ പ്രസ്താവിച്ചു. അതിനുള്ള കാരണങ്ങളും തുടർന്ന് അദ്ദേഹം വിശദീകരിച്ചു.

‘നിരപരാധിയുടെ മുഖവുമായി മുഖ്യമന്ത്രി കെജ്രിവാള്‍ ഇപ്പോള്‍ ചോദിക്കുന്നു താൻ ഒരു തീവ്രവാദിയാണോ എന്ന്. അതെ താങ്കളൊരു തീവ്രവാദി തന്നെയാണ്. അതിന് നിരവധി തെളിവുകളുമുണ്ട്. താങ്കൾ ഒരു അരാജകവാദിയാണെന്ന് നേരത്തെ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇവിടെ അരാജകവാദികളും, തീവ്രവാദികളും തമ്മില്‍ വലിയ വ്യത്യാസമില്ല’, ജാവദേകര്‍ പറഞ്ഞു. ഡൽഹിയിൽ എഎപിയില്‍ നിന്നും ബിജെപിയില്‍ ചേർന്ന പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കവെയാണ് കേന്ദ്രമന്ത്രി ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്.

കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരായി എഎപിയും രംഗത്ത് വന്നു. ‘ഒരു കേന്ദ്ര സര്‍ക്കാരും, തെരഞ്ഞെടുപ്പ് കമ്മീഷനുമുള്ള രാജ്യതലസ്ഥാനത്താണ് ഈ പ്രസ്താവന നടന്നിരിക്കുന്നത്. ഏത് വിധമാണ് ഒരു കേന്ദ്ര മന്ത്രിക്ക് ഇത്തരമൊരു ഭാഷ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുക. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തീവ്രവാദിയാണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നു’ എന്ന് എഎപി രാജ്യസഭാ അംഗം സഞ്ജയ് സിംഗ് പ്രതികരിച്ചു.