മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസിന്റെ സ്വരം: എസ്ഡിപിഐ

single-img
3 February 2020

കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസിന്‍റെ സ്വരമാണെന്ന് എസ്ഡിപിഐ. എസ്ഡിപിഐയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദായിരുന്നു മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. കേന്ദ്രസർക്കാർ രാജ്യത്ത് കൊണ്ടുവന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ കേരളത്തിൽ എന്ത് അക്രമമാണ് നടന്നതെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പ്രക്ഷോഭങ്ങളുടെ മറവില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എസ്ഡിപിഐ ആണെന്ന് നുണ പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും മഹല്ല് കമ്മിറ്റി നടത്തിയ പരിപാടികളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് പറയുന്നത് ഈ സംഘടനയ്ക്ക് ജനങ്ങളില്‍ നിന്നു കിട്ടുന്ന അകമഴിഞ്ഞ പിന്തുണയില്‍ വിറളിപൂണ്ട് നടത്തുന്ന നിലവിളിയാണെന്നും അബ്ദുല്‍ ഹമീദ് കുറ്റപ്പെടുത്തി.

പൗരത്വ നിയമത്തിനെതിരെ കേരളത്തിൽ അങ്കമാലി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സമാധാനപരമായ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കള്ളക്കേസെടുത്തെന്ന് റോജി എം ജോൺ എംഎൽഎയുടെ വിമർശനത്തിന് മറുപടി പറഞ്ഞപ്പോഴാണ് എസ്ഡിപിഐയെ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.

കേരളത്തിൽ പല സ്ഥലങ്ങളിലും എസ്ഡിപിഐക്കാർ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും പ്രശ്നമുണ്ടാകുമ്പോൾ കേസെടുക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ മറുപടിയോടെ പ്രതിപക്ഷം ബഹളം വെച്ചു. താൻ എസ്ഡിപിഐയെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾക്ക് പൊള്ളുന്നതെന്തിനെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിക്കുകയും ചെയ്തു.