മംഗളുരുവില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു

single-img
3 February 2020

ബംഗളുരു: യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു. കാസര്‍ഗോഡ് ചെമ്പരിക്ക സ്വദേശി തസ്ലിം എന്ന മുത്തസ്ലീമാണ് മംഗളുരുവിന് സമീപത്തെ ബണ്ട്വാളില്‍ കൊല്ലപ്പെട്ടത്.
കര്‍ണാടകയിലെ നെലോഗി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ജനുവരി 31നാണ് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കര്‍ണാടകയില്‍ ജ്വല്ലറി കവര്‍ച്ചാ കേസില്‍ പ്രതിയായ അഫ്ഗാന്‍ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ സെപ്തംബര്‍ 16 ന് കാസര്‍ഗോഡ് ചെമ്പരിക്ക സ്വദേശിയായ തസ്ലീമും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ജയില്‍ മോചിതനായി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ കാറിലെത്തിയ സംഘം ജനുവരി 31ന് നെലോഗി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയത്.

സുഹൃത്തുക്കളുടെ പരാതിയില്‍ കര്‍ണാടക പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് മംഗളുരുവിന് സമീപം ബണ്ട്വാളില്‍ തസ്ലീം ബന്ദിയാക്കപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവിടം വളഞ്ഞു.
ഇതിനിടെ തസ്ലിമുമായി സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു. പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോള്‍ തസ്ലീമിനെ കാറിലിട്ട് കൊലപ്പെടുത്തി മൃതദേഹം ബണ്ട്വാളില്‍ തള്ളുകയായിരുന്നു. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.കൊലയാളികളെന്ന് കരുതുന്ന നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ മലയാൡയാണെന്നാണ് വിവരം. സ്വര്‍ണകടത്തിലെ തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് പോലിസ് നല്‍കുന്ന സൂചന