അടിയന്തരമായി ജോലിയില്‍ തിരികെ പ്രവേശിക്കുക; രാജു നാരായണ സ്വാമിക്ക് സർക്കാരിന്റെ കത്ത്

single-img
3 February 2020

അടിയന്തരമായി ജോലിയിൽ തിരികെപ്രവേശിക്കാൻ ആവശ്യപ്പെട്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്ക് വീണ്ടും സർക്കാരിന്റെ കത്ത്. സിവില്‍ സര്‍വീസ് ചട്ടങ്ങൾ പാലിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും കത്തിൽ പറയുന്നു. അദ്ദേഹം ഈ കത്തിന് മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടികളിലേക്ക് സർക്കാർ പോകുമെന്നാണ് സൂചന.

ജനുവരി 24നാണ് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് കാണിച്ച് രാജു നാരായണ സ്വാമിക്ക് പൊതുഭരണ വകുപ്പ് രണ്ടാമതും കത്തയച്ചത്. കത്ത് ലഭിച്ചതിന് ശേഷമുള്ള 15 ദിവസമാണ് മറുപടി നൽകാൻ രാജുനാരായണ സ്വാമിക്ക് സർക്കാർ നൽകിയ സമയം. സംസ്ഥാന നാളികേര ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞ വർഷം മാർച്ചിൽ രാജു നാരായണ സ്വാമിയെ കേന്ദ്ര സർക്കാർ നീക്കിയിരുന്നു.

കേന്ദ്രത്തില്‍ അദേഹത്തിൻറ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചതായും കേന്ദ്രം സംസ്ഥാന സർക്കാറിനെ അറിയിച്ചു. പക്ഷെ പിന്നീട് ഇതുവരെ സംസ്ഥാന സർവീസിൽ ജോലിയിൽ പ്രവേശിക്കാൻ രാജു നാരായണ സ്വാമി തയ്യാറായിട്ടില്ല. രാജു നാരായണ സ്വാമിയോട് ജോലിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുൻപ് പൊതുഭരണ വകുപ്പ് കത്തയച്ചിരുന്നു. തന്നെ സംസ്ഥാന നാളികേര ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെയുളള കേസ് കോടതിയിലുളള പശ്ചാത്തലത്തിലാണ് സർവീസിൽ തിരികെ പ്രവേശിക്കാത്തതെന്നാണ് ഇതിന് രാജു നാരായണ സ്വാമി നൽകിയ മറുപടി.