പിണറായി വിജയൻ ആദ്യം സിപിഎമ്മില്‍ നുഴഞ്ഞുകയറിയ എസ്‍ഡിപിഐക്കാരെ പുറത്താക്കണം: കെ സുരേന്ദ്രൻ

single-img
3 February 2020

സിപിഎമ്മിൽ വിവിധ ചുമതലകൾ വഹിക്കുന്ന സ്വന്തം പാർട്ടിയിൽ നുഴഞ്ഞുകയറിയിട്ടുള്ള എസ്‍ഡിപിഐക്കാരെ പുറത്താക്കുകയാണ് പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എസ്‍ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണമെന്നും പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരിൽ തീവ്രവാദ സംഘങ്ങൾ കാര്യങ്ങൾ വഴി തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന അലനും താഹയും ഉദാഹരണങ്ങൾ മാത്രമാണ്. ഇതുപോലുള്ള ആയിരക്കണക്കിന് ആളുകൾ പാർട്ടിയിലുണ്ടെന്നും ഡിവൈഎഫ്ഐയും എസ്എഫ്ഐയും തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഏജൻസികളായി മാറിയിരിക്കുകയാണ് എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.വർഗീയകലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നിൽ ഇത്തരക്കാരാണ്. വാചകമടിയല്ല നടപടിയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇന്ന് സംസ്ഥാന നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷ നിരയിൽ വലിയ ബഹളത്തിനും ഇടയാക്കി. താൻ എസ്‍ഡിപിഐക്ക് എതിരെ പറയുമ്പോൾ എന്തിനാണ് പ്രതിപക്ഷം ബഹളം വക്കുന്നതെന്നായിരുന്നു പിണറായി വിജയന്‍റെ ചോദ്യം.