കൊറോണ വൈറസ് : ഇന്ത്യയെ കണ്ടുപഠിക്കാൻ ആവശ്യപ്പെട്ട് പാകിസ്താൻ വിദ്യാർഥികൾ

single-img
3 February 2020

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിന്റെ ദൗത്യത്തിലാണ് കേന്ദ്ര സർക്കാർ. ചൈനയിലെ വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനവും കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. ഇന്ത്യൻ പൗരന്മാർ സ്വന്തം രാജ്യത്തേക്ക് തിരികെ എത്തുമ്പോൾ പാക്കിസ്ഥാൻ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് പാകിസ്താൻ വിദ്യാർഥികൾ. വുഹാനിൽ കുടുങ്ങി കിടക്കുന്ന വിദ്യാത്ഥികളെ ചൈനയില്‍ നിന്ന് തിരികെ നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ഥനയെ പാക് ഭരണകൂടം നിരാകരിച്ചിരുന്നു. ഈ വിപരീത നിലപാടിനെതിരെയാണ് ഇപ്പോൾ വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്.

പാകിസ്ഥാൻ സര്‍ക്കാരിനെ വിമർശിക്കുന്ന പാക് വിദ്യാര്‍ഥികളുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വുഹാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റിക്കൊണ്ടുപോകുന്ന അധികൃതരുടെ വീഡിയോ ഒരു വിദ്യാര്‍ഥി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പാകിസ്താന്‍ സര്‍ക്കാരിനെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു, ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നും വിദ്യാര്‍ഥി വീഡിയോയിൽ പറയുന്നുണ്ട്.

സഖ്യ കക്ഷിയായ ചൈനയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് കൊറോണ വൈറസ് ബാധിച്ച വുഹാന്‍ നഗരത്തില്‍ നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന നിലപാട് പാകിസ്ഥാന്‍ സര്‍ക്കാർ കൈക്കൊണ്ടതെന്ന് കരുതപ്പെടുന്നു.വുഹാനിലെ വിവിധ സര്‍വകലാശാലകളിലായി 800 ലധികം പാക് വിദ്യാര്‍ഥികൾ പഠിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.