കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ ജില്ല പൂര്‍ണ്ണ സജ്ജം: കാസര്‍കോട് ജില്ലാ കളക്ടര്‍

single-img
3 February 2020

കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ കാസർകോട് ജില്ല പൂര്‍ണ്ണ സജ്ജമാണ് എന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കളക്ടര്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് സാഹചര്യം വിലയിരുത്തിയത്. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ 86 പേരില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇത്. 85 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ചയാളുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്നും കളക്ടര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ഡി എം ഒ ഓഫീസില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ മുഴുവന്‍ പേരും കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണം.

അതേപോലെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ 15 ഉപസമിതികള്‍ പ്രവര്‍ത്തനമാരംഭിച്ചു. വൈറസ് വ്യാപനം തടയുന്നതിന് 34 ഐസലോഷന്‍ മുറികള്‍ സജ്ജമാക്കി. ജില്ലാ ആശുപത്രിയില്‍ 18 ഐസലോഷന്‍ മുറികളും ജനറല്‍ ആശുപത്രിയില്‍ 12 ഐസലോഷന്‍ മുറികളും സ്വകാര്യ ആശുപത്രിയില്‍ നാല് ഐസലോഷന്‍ മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഐസലോഷന്‍ മുറികള്‍ ആരംഭിക്കും.