മഹാത്മാഗാന്ധിയുടെ നാടകമാണ് സ്വാതന്ത്ര്യസമരം : ബിജെപി എംപി അനന്ത്കുമാർ ഹെഗ്‌ഡെ

single-img
3 February 2020

ബെംഗളൂരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരത്തെ നാടകം എന്ന് വിശേഷിപ്പിച്ച് ബിജെ പി എംപി അനന്ത്കുമാർ ഹെഗ്‌ഡെ. സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയുമാണ് അരങ്ങേറിയതെന്നും ചരിത്രം വായിക്കുമ്പോൾ തന്റെ രക്തം തിളക്കുമെന്നും ഇത്തരം ആളുകളെ എങ്ങനെ മഹാത്മാ എന്ന് വിളിക്കുമെന്നും ഹെഗ്‌ഡെ പറഞ്ഞു.

കർണാടകയിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രിയായിരുന്ന ഹെഗ്‌ഡെ ശനിയാഴ്ച ബംഗളൂരുവിൽ നടന്ന പൊതുപരിപാടിയിലാണ് രാഷ്ട്ര പിതാവിനെതിരെ പ്രസ്താവന നടത്തിയത്.

“ഈ നേതാക്കൾ എന്ന് വിളിക്കപ്പെടുന്ന ആരെയും പോലീസുകാർ ഒരിക്കൽ പോലും തല്ലിയിട്ടില്ല. അവരുടെ സ്വാതന്ത്ര്യസമരം ഒരു വലിയ നാടകമായിരുന്നു. ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടെ അരങ്ങേറിയ നാടകം. ഇത് ഒരു യഥാർത്ഥ പോരാട്ടമല്ല. സ്വാതന്ത്ര്യ സമരം ആസൂത്രിതമായിരുന്നു ”എം.പി പറഞ്ഞു.നിരാഹാര സമരവും സത്യാഗ്രഹ സമരവും ഈ നാടകത്തിന്റെ ഭാഗങ്ങൾ തന്നെയെന്നും അദ്ദേഹം പറഞ്ഞു.

ഹെഗ്‌ഡെയുടെ മഹാത്മാഗാന്ധിക്കെതിരെയുള്ള അഭിപ്രായ പ്രകടനത്തിൽ രോഷം പുകയുകയാണ്.മഹാത്മാഗാന്ധിയെക്കുറിച്ച് നാഥുറാം ഗോഡ്‌സെയുടെ മക്കൾക്ക് മാത്രമേ ഇത്തരം അഭിപ്രായങ്ങൾ പറയാൻ കഴിയൂ, കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ് പറഞ്ഞു.വിവാദ പരാമർശങ്ങളിൽ ബി.ജെ.പി നേതാക്കൾക്കും ഹെഗ്‌ഡെയെ പ്രതിരോധിക്കാൻ പ്രയാസമായി.
മുതിർന്ന നേതാവ് ജഗദാംബിക പാലിന്റെ പ്രതിരോധം ജാഗ്രത പുലർത്തി കൊണ്ടായിരുന്നു. “ഗാന്ധിയെക്കുറിച്ച് ലോകം മുഴുവൻ അറിയാമെന്നിരിക്കെ ഹെഗ്‌ഡെയുടെത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു.