ഗാന്ധിയെക്കുറിച്ച് വിവാദ പരാമര്‍ശം; ഹെഗ്‌ഡെ നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി നേതൃത്വം

single-img
3 February 2020

മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശനം നടത്തിയ ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ ബിജെപി തന്നെ രംഗത്തെത്തി. ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശത്തില്‍ നേതാവിനോട് നിരുപാധികം മാപ്പ് പറയാനാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും, ബിജെപി എംപിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ ശനിയാഴ്ചയായിരുന്നു മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യ സമരപോരാട്ടം വെറും നാടകമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

ഇന്ത്യയില്‍ ഗാന്ധിജിയെപോലുള്ള ആളുകളെ എങ്ങിനെയാണ് ‘മഹാത്മാവ്’ എന്ന് വിളിക്കുന്നതെന്നും ഹെഗ്‌ഡെ ചോദിച്ചിരുന്നു. ശനിയാഴ്ച ബെംഗളൂരുവില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഉത്തര കന്നഡയില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ അനന്ത്കുമാര്‍ ഹെഗ്‌ഡെ വിവാദ പ്രസ്താവന നടത്തിയത്.

ബ്രിട്ടീഷുകാർ അറിഞ്ഞുകൊണ്ടും അവരുടെ പിന്തുണയുമായാണ് മുഴുവന്‍ സ്വാതന്ത്ര്യ സമരങ്ങളും അരങ്ങേറിയതെന്നാണ് ഹെഗ്‌ഡെ ആരോപിച്ചത്. എന്നാൽ രാഷ്ട്രപിതാവിന് ബ്രിട്ടീഷുകാരുടെ ചാരന്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുകയുണ്ടായി.