പ്രവാസികള്‍ക്ക് നികുതി; ഗൾഫിലെ ഇന്ത്യക്കാരെ ബാധിക്കില്ലെന്ന്‍ കേന്ദ്ര സര്‍ക്കാര്‍

single-img
2 February 2020

വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യക്കാർ ഇന്ത്യയിൽ ആർക്കും നികുതി നൽകേണ്ടതില്ല എന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. പ്രവാസികളായ ഇന്ത്യക്കാരും പുതിയ ബജറ്റ് നിർദ്ദേശ പ്രകാരം ആദായനികുതിയുടെ പരിധിയിലാകുമെന്ന ആശങ്കയ്ക്ക് കേരളം നൽകിയ കത്തിൽ വിശദീകരണവുമായി കേന്ദ്രധനകാര്യമന്ത്രാലയം രംഗത്തെത്തുകയായിരുന്നു.

വിദേശങ്ങളിൽ അവർക്ക് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയിൽ നികുതിയീടാക്കില്ല. എന്നാൽ പ്രവാസിക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കിൽ അതിന് നികുതി നൽകണം. അതേപോലെ തന്നെ വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയിൽ എന്തെങ്കിലും വരുമാനം ലഭിച്ചാൽ അതിനും നികുതി നൽകേണ്ടി വരും. ഈ രീതിയിൽ അല്ലാതെ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിന് ഒരു നികുതിയും നൽകേണ്ട എന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.

ബജറ്റ് നിർദ്ദേശം ഗൾഫിലെ ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും നിർമലാ സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. ബജറ്റിൽ നിർദ്ദേശിച്ചപോലെ ഇന്ത്യൻ പ്രവാസികളെയും നികുതിയുടെ പരിധിയിലാക്കാനുള്ള കേന്ദ്രതീരുമാനം കേരളത്തിൽ നിന്ന് പുറത്ത് പോയി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പേരെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനമന്ത്രിക്ക് കത്ത് നൽകിയിരുന്നത്.

പല രാജ്യങ്ങളിലായി വൻ വ്യവസായം നടത്തുകയും അവിടെയൊന്നും നികുതി നൽകാതെ ഇന്ത്യയിലെ പ്രവാസി പദവി നിലനിർത്തി, ഇവിടെയും നികുതി നൽകാത്തവരെലക്ഷ്യമാക്കിയാണ് ഈ പുതിയ നയം പ്രഖ്യാപിച്ചതെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്.