ഭരണഘടനയുടെ ആമുഖം ചുമരില്‍ അനാവരണം ചെയ്ത് മുംബൈയിലെ മഹിം ദര്‍ഗ

single-img
2 February 2020

ഇന്ത്യയിൽ ആദ്യമായി ഒരു ആരാധനാലയമന്ദിരത്തില്‍ ചുമരില്‍ ഭരണഘടനയുടെ ആമുഖം സ്ഥാപിച്ച് മുംബൈയിലെ പ്രശ്‌സതമായ മഹിം ദര്‍ഗ. ഇത്തവണ നടത്തുന്ന ഹസ്രത് മഖ്ദും അലി മഹിന്‍മിയുടെ 607-ാം ഉറുസിനോടനുബന്ധിച്ചാണ് ഭരണഘടനയുടെ ആമുഖം ദര്‍ഗയുടെ ചുമരില്‍ അനാവരണം ചെയ്തത്. തുടർന്ന് ദേശീയ പതാകയുയര്‍ത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

ചടങ്ങിൽ മതപണ്ഡിതരും മതേതരവാദികളും അഭിഭാഷകരുമടക്കം നിരവധി ആളുകൾ എത്തിച്ചേരുകയും എല്ലാവരും ഒന്നിച്ചു നിന്നുകൊണ്ട് ആമുഖം ഉറക്കെ വായിക്കുകയും ചെയ്തു. നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്തുന്നതിനും രാജ്യത്തോടുള്ള ഐക്യം പ്രഖ്യാപിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് ദര്‍ഗയുടെ ട്രസ്റ്റ് അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നാം എല്ലായ്പ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി നിലനില്‍ക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഭരണഘടനയുടെ ആമുഖം. രാജ്യത്ത് നീതി സ്വാതന്ത്ര്യം സമത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആമുഖം നമ്മളോട് പറയുന്നു.’ അഭിഭാഷകനായ റിസ്‌വാന്‍ പറഞ്ഞു.