പ്രണയത്തിന് കൊറോണ തടസ്സമായില്ല; ചൈനക്കാരിയെ വധുവാക്കി ഇന്ത്യക്കാരന്‍

single-img
2 February 2020

ലോകമാകെ പേടിയോടെ ചൈനയെ നോക്കുമ്പോള്‍ ഇതാ ഒരു ഇന്തോ -ചൈന വിവാഹം. കഴിഞ്ഞ ദിവസം ഇന്ത്യൻ സംസ്ഥാനമായമധ്യപ്രദേശിലിലെ മന്ദ്‌സൗറിലാണ് ജി ഹൊ എന്ന ചൈനക്കാരിയെ സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരന്‍ താലി ചാര്‍ത്തിയത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്ര കണ്ടുമുട്ടുന്നത്.

അധികം താമസിയാതെ ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഇതിനെ തുടർന്ന് ഇരു കുടുംബങ്ങളിലെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഇതിനെ തുടർന്നാണ് സത്യാര്‍ത്ഥയുടെ ജന്മനാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹിതരാകാന്‍ ഇരുവരും തീരുമാനിച്ചത്.

ചൈനയിൽ നിന്നും വധുവിന്റെ മാതാപിതാക്കള്‍ അടുത്ത മൂന്ന് ബന്ധുക്കളോടൊപ്പം ജനുവരി 29 നാണ് ഇന്ത്യയിലെത്തിയത്. ആദ്യം വിവാഹത്തിന്റെ നിശ്ചയം നടത്തി. തുടർന്ന് നിശ്ചയിച്ച ദിവസം തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇന്ത്യയിലേതിന് ശേഷം ചൈനയില്‍ വെച്ചും വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചുവെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.