ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ വൈറസ് ബാധ; ഇന്ത്യ ഇ – വിസ നിർത്തിവെച്ചു

single-img
2 February 2020

ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചൈനയിൽ നിന്ന് വരുന്നവർക്കും, അവിടേക്ക് യാത്ര ചെയ്യുന്നവർക്കും, ചൈനയിൽ നിന്ന് വരുന്ന മറ്റ് രാജ്യങ്ങളിലെ പൗരൻമാർക്കുമുള്ള ഇ- വിസ സേവനം നിർത്തി വച്ചതായി വിദേശകാര്യമന്ത്രാലയം. അതേസമയം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാവർക്കും ഇപ്പോൾ ലഭിച്ചിരിക്കുന്ന ഓൺലൈൻ വിസകളും റദ്ദാക്കും.

അടിയന്തരമായ സാഹചര്യങ്ങളിൽ തിരികെ വരണമെന്ന് താത്പര്യപ്പെടുന്നവർ അതാത് ഇടങ്ങളിലെ എംബസികളുമായി ബന്ധപ്പെടണമെന്ന് ഇന്ത്യ അറിയിച്ചു. ഇതിന് സമാനമായി നിലവിൽ ചൈനീസ് പാസ്പോർട്ട് കയ്യിലുള്ള ആർക്കും ഇന്ത്യയിലേക്ക് ഇ- വിസ നൽകില്ല എന്ന് ബീജിങിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മാത്രം 323 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപ് പൗരൻമാരെയുമാണ് എയർ ഇന്ത്യയുടെ ജംബോ വിമാനം വഴി നാട്ടിൽ തിരികെയെത്തിച്ചത്. അതോടുകൂടി ഇന്ത്യ നാട്ടിലെത്തിച്ചവരുടെ എണ്ണം 654 ആയി.