കൊറോണ: ആയിരം കിടക്കകളുള്ള ആശുപത്രി ഒരാഴ്ച കൊണ്ട് നിര്‍മ്മിച്ച് ചൈന

single-img
2 February 2020

രാജ്യമാകെ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമാകുകയും ലോകത്തിന് തന്നെ ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിൽ താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുകയാണ് ചൈന. കേവലം ഒരാഴ്ച കൊണ്ട് നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയ ആശുപത്രികളിലൊന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും.

പ്രതീക്ഷിച്ചതിലും വലിയ തോതിൽ കൊറോണ വൈറസ് ബാധയുടെ വ്യാപ്തി വര്‍ദ്ധിച്ചതോടെയാണ് അടിയന്തരമായി ആശുപത്രികള്‍ നിര്‍മിക്കാന്‍ ചൈന ആരംഭിച്ചത്. ഈ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് രണ്ട് ആശുപത്രികള്‍. ഇവിടെയുള്ള ആയിരം കിടക്കകളുള്ള ഒരു ആശുപത്രിയുടെ നിര്‍മാണം തുടങ്ങിയത് കഴിഞ്ഞയാഴ്ച മാത്രമായിരുന്നു.

ഏകദേശം രണ്ടരലക്ഷം സ്ക്വയര്‍ഫീറ്റ് സ്ഥലം ജെസിബിയും ബുള്‍ഡോസറും കൊണ്ട് ഇടിച്ചുനിരത്തി പണി തുടങ്ങി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 4000ത്തിലധികം തൊഴിലാളികള്‍ വിവിധ ഷിഫ്റ്റുകളിലായി കഠിന പ്രയത്നം ചെയ്തപ്പോൾ ഒരാഴ്ച പിന്നിടുമ്പോള്‍ നിര്‍മാണം അന്തിമഘട്ടത്തിലെത്തുകയായിരുന്നു. ഇവിടേക്ക് ആവശ്യമായ ചികിത്സാ സാമഗ്രികളും സജ്ജമാണ്.