കൊറോണ വൈറസ്‌ : 324 ഇന്ത്യക്കാരുമായി വുഹാനില്‍ നിന്നുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി

single-img
1 February 2020

ഡല്‍ഹി :
കൊറോണ വൈറസ്‌ ബാധയുടെ ആരംഭസ്ഥലമായ ചൈനയിലെ വുഹാനില്‍ നിന്നൊഴിപ്പിച്ച 324 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ രാവിലെ 7:30 യോടെയാണ്‌ ഇവര്‍ എത്തിച്ചേര്‍ന്നത്‌.42 മലയാളികളും തിരികയെത്തിയ സംഘത്തിലുണ്ട്‌.

ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന അറുന്നൂറോളം പേരെയാണ്‌ തിരികെ വരുന്നതിനായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടത്‌. ശേഷിക്കുന്നവരെ തിരികെ എത്തിക്കുന്നതിനായി ഇന്നു തന്നെ രണ്ടാമത്തെ വിമാനം ചൈനയില്‍ എത്തും.വൈറസ്‌ ബാധ ഏറ്റിട്ടില്ല എന്ന്‌ ചൈനീസ്‌ അധികൃതര്‍ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ്‌ യാത്രികരെ ഇന്ത്യയിലേക്കയക്കുക.നേരത്തെ രണ്ട്‌ ഇന്ത്യക്കാരെ യാത്ര ചെയ്യുന്നതില്‍ നിന്നും ചൈനീസ്‌ അധികൃതര്‍ തടഞ്ഞിരുന്നു.ഉയര്‍ന്ന ശരീരോഷ്‌മാവ്‌ ഉണ്ടായിരുന്നതിനാല്‍ ഇരുവരെയും വിശദമായ പരിശേധനക്ക്‌ വിധേയമാക്കും.

തിരികെയെത്തുന്നവരെ എയര്‍പോര്‍ട്ടില്‍ തന്നെ വിശദപരിശോധനകള്‍ക്ക്‌ ശേഷം ഹരിയാനയിലെ മനേസറില്‍ തയ്യാറാക്കിയ ഐസൊലേഷന്‍ ക്യാമ്പിലേക്കും ഡല്‍ഹി കണ്ടോണ്‍മെന്‌റിലെ ബേസ്‌ ഹോസ്‌പിറ്റലിലേക്കും മാറ്റും.ഇവരെ 14 ദിവസം നിരീക്ഷണത്തിന്‌ വിധേയമാക്കാനാണ്‌ തീരുമാനം. ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്‌ധ ഡോക്ടര്‍മാരോടൊപ്പം സൈന്യത്തിന്‌റെയും സഹായത്തോടെയാണ്‌ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക.