മദ്യലഹരിയില്‍ ലൈസന്‍സില്ലാതെ സൈറണ്‍ മുഴക്കി ആംബുലന്‍സ് നടുറോഡിലൂടെ ഓടിച്ചു; 22കാരന്‍ പിടിയില്‍

single-img
1 February 2020

മദ്യലഹരിയില്‍ ലൈസന്‍സില്ലാതെ നടുറോഡിലൂടെ സൈറണ്‍ മുഴക്കി ആംബുലന്‍സ് ഓടിച്ച 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെംഗളൂരു മൈക്കോ ലേ ഔട്ടിൽ താമസിക്കുന്ന ഭവിത്ത് (22) ആണ് അറസ്റ്റിലായത്. ഈ വ്യക്തി പലപ്പോഴും സ്വകാര്യാവശ്യങ്ങൾക്ക് ആംബുലൻസ് ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.

പിടിയിലാകുമ്പോൾ ഇയാൾക്കൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി മൂന്നുപേരും ജെപി നഗറിലെ ബാറിൽ കയറി മദ്യപിച്ച ശേഷം ആംബുലൻസിൽ കയറുകയായിരുന്നു. പ്രധാന റോഡിലൂടെ അതിവേഗത്തിൽ പാഞ്ഞുപോയ ആംബുലൻസ് നൈറ്റ് പട്രോളിങ് നടത്തിയിരുന്ന പോലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പിടിയിലാകുന്നത്. തങ്ങളെ പോലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലായതോടെ സൈറൺ ഓഫാക്കി.

ആംബുലൻസ് പോലീസ് പിടിച്ചെടുത്തതിനുശേഷമുള്ള ചോദ്യം ചെയ്യലിനിടെ ഇവര്‍ കൈയ്യേറ്റത്തിനു ശ്രമിച്ചതായും പോലീസ് അറിയിച്ചു. കൃത്യമായി രേഖകൾ പരിശോധിക്കാതെ യുവാവിനെ ഡ്രൈവറായി നിയമിച്ച ആംബുലൻസ് ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.